കോൺഗ്രസ് പാർട്ടിയുടെ നിർദ്ദേശങ്ങൾ ലംഘിച്ച് ഇംഗ്ലീഷ് ദിനപത്രത്തിൽ മുഴുവൻ പേജ് ഫീച്ചർ നൽകിയ തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറി എ പ്രിജിൻ ബാബുവിന് കെപിസിസി കാരണം കാണിക്കൽ നോട്ടീസ് നൽകി. രമേശ് ചെന്നിത്തലയെക്കുറിച്ചുള്ള ഈ ഫീച്ചർ പ്രസിദ്ധീകരിച്ചത് കടുത്ത അച്ചടക്ക ലംഘനമാണെന്ന് കെപിസിസി വിലയിരുത്തി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നിർദ്ദേശപ്രകാരം സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനലാണ് നോട്ടീസ് അയച്ചത്.
തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കുന്ന തരത്തിലുള്ള പരസ്യ പ്രസ്താവനകളോ പ്രവർത്തനങ്ങളോ പാടില്ലെന്ന് എഐസിസിയും കെപിസിസിയും നേരത്തെ കർശന നിർദ്ദേശം നൽകിയിരുന്നു. ഈ നിർദ്ദേശത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിനാണ് നടപടി. ഇത്തരം നീക്കങ്ങൾ സംഘടനയുടെ അച്ചടക്കത്തിന് നിരക്കാത്തതാണെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു.
നോട്ടീസ് ലഭിച്ച് മൂന്ന് ദിവസത്തിനകം കൃത്യമായ വിശദീകരണം നൽകണമെന്നാണ് നിർദ്ദേശം. വിശദീകരണം തൃപ്തികരമല്ലെങ്കിൽ പ്രജിൻ ബാബുവിനെതിരെ തുടർ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും കെപിസിസി നേതൃത്വം അറിയിച്ചു. തെരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടിയിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ സജീവമാകുന്നതിനിടെയാണ് ഈ നടപടി.















