ന്യൂഡൽഹി: തമിഴ്‌നാട്ടിൽ സംസ്ഥാനവ്യാപകമായി ഗോവധം നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. സുപ്രീം കോടതി ജസ്റ്റിസുമാരായ വിക്രാന്ത് നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. നിയമപ്രകാരം ലൈസൻസുള്ള കശാപ്പുശാലകളിലോ അധികൃതർ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിലോ മാത്രമേ മൃഗങ്ങളെ അറുക്കാവൂ എന്നായിരുന്നു ഹൈക്കോടതിയുടെ മുൻ ഉത്തരവ്. കഴിഞ്ഞ മെയ് 27-ന് ബക്രീദിന്റെ തലേദിവസം പുറപ്പെടുവിച്ച ഈ നിരോധനത്തിനെതിരെ തമിഴ്‌നാട് സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
കോയമ്പത്തൂരിലെ പൊതുസ്ഥലങ്ങളിൽ ബക്രീദ് പ്രമാണിച്ച് പശുക്കളെ അറുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ‘ഹിന്ദു മക്കൾ കക്ഷി’ ജനറൽ സെക്രട്ടറി കെ. സൂര്യ പ്രശാന്ത് നൽകിയ പൊതുതാൽപ്പര്യ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവുണ്ടായത്. എന്നാൽ, ഹർജിക്കാരൻ പോലും ആവശ്യപ്പെടാത്ത രീതിയിലാണ് ജസ്റ്റിസ് സ്വാമിനാഥൻ സംസ്ഥാനവ്യാപകമായി ഗോവധം നിരോധിച്ചുകൊണ്ട് വിധി പ്രസ്താവിച്ചത്. ഇത് കോടതിയുടെ പരിധിക്കപ്പുറമുള്ള നടപടിയാണെന്ന് ചൂണ്ടിക്കാണിച്ചാണ് തമിഴ്നാട് സർക്കാർ അപ്പീൽ നൽകിയത്.
സംസ്ഥാന സർക്കാരിന് വേണ്ടി സുപ്രീം കോടതിയിൽ മുതിർന്ന അഭിഭാഷകൻ ഡോ. അഭിഷേക് മനു സിംഗ്വി ഹാജരായി. യോഗ്യതയുള്ള അധികാരികളുടെ സാക്ഷ്യപത്രത്തോടെ 10 വയസ്സിന് മുകളിൽ പ്രായമുള്ളതും ജോലിക്കോ പ്രജനനത്തിനോ ഉപയോഗശൂന്യവുമായ പശുക്കളെ അറുക്കാൻ അനുമതി നൽകുന്ന ‘തമിഴ്‌നാട് മൃഗസംരക്ഷണ നിയമം 1958’-ന് വിരുദ്ധമാണ് ഹൈക്കോടതി ഉത്തരവെന്ന് സംസ്ഥാന സർക്കാർ വാദിച്ചു. പൂർണ്ണമായ നിരോധനം ഏർപ്പെടുത്തിയതിലൂടെ, നിലവിലുള്ള നിയമങ്ങളെ മറികടന്ന് ഹൈക്കോടതി സ്വന്തം നിലയിൽ നിയമനിർമ്മാണം നടത്തുകയാണ് ചെയ്തതെന്നും സിംഗ്വി കോടതിയിൽ ചൂണ്ടിക്കാട്ടി
















