ടെഹ്റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ അമേരിക്ക നടത്തുന്ന സൈനിക ഇടപെടലുകൾ ആഗോള എണ്ണ-വാതക വിതരണത്തിന്റെ സുരക്ഷയെ അതീവ ഗുരുതരമായി ബാധിച്ചതായി ഇറാൻ സൈന്യം കുറ്റപ്പെടുത്തി. ഹോർമുസ് കടലിടുക്കിന് മേലുള്ള തങ്ങളുടെ പരമാധികാരവും പൂർണ്ണ നിയന്ത്രണവും ഇറാൻ തുടർന്നും ശക്തമായി നിലനിർത്തുമെന്ന് ഇറാന്റെ സംയുക്ത സൈനിക കമാൻഡായ ഖാത്തം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സിന്റെ വക്താവ് ഇബ്രാഹിം സോൽഫഗാരി വ്യക്തമാക്കി.
മേഖലയിൽ അമേരിക്ക പ്രഖ്യാപിച്ച പുതിയ നാവിക ഉപരോധത്തിനും കപ്പലുകൾക്ക് മേൽ ചുമത്തിയ നികുതികൾക്കും എതിരെ കടുത്ത ഭാഷയിലാണ് ഇറാൻ പ്രതികരിച്ചത്. അമേരിക്കയുടെ ഈ അധിനിവേശ നീക്കങ്ങൾക്ക് ചില ഗൾഫ് രാജ്യങ്ങൾ നൽകുന്ന പിന്തുണ മിഡിൽ ഈസ്റ്റിൽ ഒരു സമ്പൂർണ്ണ യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത വർദ്ധിപ്പിച്ചതായി സോൽഫഗാരി കടുത്ത ഖേദത്തോടെ മുന്നറിയിപ്പ് നൽകി.
അമേരിക്കയുമായി സഹകരിക്കുന്ന അയൽരാജ്യങ്ങളുടെ നിലപാട് തീക്കളിയാണെന്നും, ഈ സംഘർഷം പടർന്നുപിടിച്ചാൽ അത് മേഖലയിലെ മുഴുവൻ രാജ്യങ്ങളുടെയും സുരക്ഷയെ ബാധിക്കുമെന്നും ഇറാൻ ഓർമ്മിപ്പിച്ചു. അന്താരാഷ്ട്ര തലത്തിൽ ഇന്ധനവിലയെയും കപ്പൽ ഗതാഗതത്തെയും നേരിട്ട് ബാധിക്കുന്ന ഹോർമുസ് കടലിടുക്കിൽ അമേരിക്കയും ഇറാനും തമ്മിലുള്ള ഈ വാക്പോരും സൈനിക പ്രകോപനങ്ങളും ആഗോള തലത്തിൽ വൻ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.
















