മമ്മൂട്ടിയുടെ ജന്മദിനം ഇന്ന് കേരളത്തിനകത്തും പുറത്തുമുള്ള ആരാധകർ ആവേശപൂർവം ആഘോഷിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ആശംസകളും പോസ്റ്റുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്, കടലിന്റെ വിദൂരതയിലേക്ക് നോക്കി നിൽക്കുന്ന ചിത്രത്തോടൊപ്പം “എല്ലാവർക്കും സ്നേഹവും നന്ദിയും; സർവശക്തനും” എന്ന ഒറ്റവരിയിൽ ആരാധകരോടുള്ള നന്ദി പ്രകടിപ്പിച്ചത് ഏറെ ശ്രദ്ധേയമായി.

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മാസങ്ങളോളം പൊതുവേദികളിൽ നിന്ന് വിട്ടുനിന്ന മമ്മൂട്ടി അടുത്തിടെ പൂർണ ആരോഗ്യത്തോടെ മടങ്ങിയെത്തിയിരുന്നു. ഈ കാലയളവിൽ ആരാധകരുടെ പ്രാർഥനകളും ആശംസകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു. നടൻ മോഹൻലാൽ ശബരിമലയിൽ മമ്മൂട്ടിക്കായി വഴിപാട് നടത്തിയതും വലിയ വാർത്തയായി. രോഗത്തെ അതിജീവിച്ച ശേഷമുള്ള മമ്മൂട്ടിയുടെ ആദ്യ ജന്മദിനം എന്ന പ്രത്യേകത ഇത്തവണത്തെ ആഘോഷത്തിന് മാറ്റുകൂട്ടുന്നു.













