ടെഹ്റാൻ: അമേരിക്കയുമായുള്ള സൈനിക സംഘർഷവും കടുത്ത സാമ്പത്തിക ഉപരോധവും ഇറാൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത ആഘാതമുണ്ടാക്കിയതായി ഭരണകൂടത്തിന്റെ തുറന്നുപറച്ചിൽ. അമേരിക്കൻ ഉപരോധവും ഉപരോധ സമാനമായ നീക്കങ്ങളും കാരണം രാജ്യത്തിന്റെ വിദേശവ്യാപാരം മൂന്നിലൊന്നായി (ഏകദേശം 35 ശതമാനം) കുത്തനെ ഇടിഞ്ഞതായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി.
യുദ്ധം സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധികളും ജനങ്ങളുടെ ദുരിതങ്ങളും അടിയന്തരമായി പരിഹരിക്കാൻ പരമോന്നത നേതാവ് മുജ്തബ ഖമേനിയും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെങ്കിലും അമേരിക്കയുടെ സമ്മർദ്ദ തന്ത്രങ്ങൾക്ക് മുന്നിൽ പിന്നോട്ടില്ലെന്ന നിലപാടിലാണ് ടെഹ്റാൻ. ആഗോള എണ്ണ വിപണിയെയും ഊർജ്ജ ഗതാഗതത്തെയും സ്വാധീനിക്കാൻ ശേഷിയുള്ള ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങളുടെ കൈകളിൽ ഭദ്രമാണെന്നും, പ്രതിരോധ നീക്കങ്ങൾക്കൊപ്പം നയതന്ത്ര സാധ്യതകൾ തുടരുമെന്നും സർക്കാർ അറിയിച്ചു.
പണപ്പെരുപ്പം നിയന്ത്രിക്കുക, വിപണി കാര്യക്ഷമമാക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ആഭ്യന്തര ഉൽപ്പാദനത്തിന് ഊന്നൽ നൽകുക, ഡോളറിനെ ആശ്രയിക്കുന്നത് ഘട്ടം ഘട്ടമായി കുറയ്ക്കുക എന്നിവയാണ് നിലവിലെ പ്രതിസന്ധി മറികടക്കാൻ സർക്കാർ ലക്ഷ്യമിടുന്നത്. ഭരണകൂടത്തിന്റെ ഔദ്യോഗിക മാധ്യമങ്ങളിലൂടെയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

















