റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേര് പറഞ്ഞ് ഇന്ത്യയെ മാസങ്ങളോളം വിമർശിച്ച് കനത്ത താരിഫുകൾ ചുമത്തിയ ശേഷം, ഡൊണാൾഡ് ട്രംപ് ഇപ്പോൾ തന്റെ ശ്രദ്ധ ചൈനയിലേക്ക് തിരിച്ചിരിക്കുകയാണ്. നാറ്റോ രാജ്യങ്ങൾ റഷ്യൻ എണ്ണ ഇറക്കുമതി നിർത്തണമെന്നും മോസ്കോയ്ക്കെതിരെ കർശന ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട ട്രംപ്, ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 50 മുതൽ 100 ശതമാനം വരെ താരിഫ് ചുമത്തണമെന്ന് ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ ആവശ്യപ്പെട്ടു. റഷ്യയുടെ യുദ്ധ ശേഷിയെ ഇത് ദുർബലപ്പെടുത്തുമെന്നും, ചൈനയുടെ സ്വാധീനം കുറയ്ക്കുമെന്നും അദ്ദേഹം വാദിച്ചു. ഈ ആവശ്യം, ഇന്ത്യയ്ക്ക് 50 ശതമാനവും ചൈനയ്ക്ക് 30 ശതമാനവും താരിഫ് ചുമത്തിയിരുന്ന മുൻ നിലപാടിൽ നിന്നുള്ള മാറ്റമാണ്.
റഷ്യയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളായി ഇന്ത്യയെയും ചൈനയെയും ട്രംപ് നേരത്തെ ഒരേപോലെ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ, ഇന്ത്യ-യുഎസ് ബന്ധം അടുത്തിടെ വഷളായിരുന്നു, പ്രത്യേകിച്ച് ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിനോടും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനോടും സൗഹൃദപരമായി ഇടപെട്ടത് ട്രംപിനെ ചൊടിപ്പിച്ചു. റഷ്യ-ഉക്രെയ്ൻ യുദ്ധത്തെ ‘മോദിയുടെ യുദ്ധം’ എന്ന് വരെ ട്രംപിന്റെ സഹായികൾ വിശേഷിപ്പിച്ചിരുന്നു. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25% താരിഫും റഷ്യന്‍ എണ്ണ ഇറക്കുമതിക്ക് 25% അധിക പിഴയും ചുമത്തിയത് ബന്ധം കൂടുതല്‍ വഷളാക്കി, വ്യാപാര ചര്‍ച്ചകള്‍ സ്തംഭിപ്പിച്ചു.
എന്നിരുന്നാലും, ഇന്ത്യ ഡെയറി, കാർഷിക വിപണികൾ തുറക്കുന്നതിൽ വിട്ടുവീഴ്ച ചെയ്യാതെ ഉറച്ചു നിന്നു. ഇന്ത്യ, ചൈന, റഷ്യ എന്നിവ ഒന്നിക്കുന്നത് യുഎസിന് ഭീഷണിയാണെന്ന ഭയവും ഇന്ത്യയുടെ ഈ നിലപാടും ട്രംപിന്റെ സമീപനത്തിൽ മാറ്റം വരുത്തി. കഴിഞ്ഞ ആഴ്ച, മോദിയെ ‘മികച്ച പ്രധാനമന്ത്രി’യും ‘പ്രിയ സുഹൃത്ത്’ എന്നും വിശേഷിപ്പിച്ച് ട്രംപ് നിലപാട് മയപ്പെടുത്തി. ചൈനയിലേക്ക് ശ്രദ്ധ തിരിച്ചുവിട്ട ഈ മാറ്റം, വ്യാപാര ചർച്ചകൾ പുനരാരംഭിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. ചൈന അതിന്റെ പ്രതികരണത്തിൽ, യുദ്ധങ്ങളിൽ പങ്കാളിയാകുന്നില്ലെന്നും ഗൂഢാലോചന നടത്തുന്നില്ലെന്നും വ്യക്തമാക്കി.















