സമാധാന ചർച്ചകളിൽ ‘വിട്ടുവീഴ്ച’യില്ലാതെ റഷ്യ; അമേരിക്കൻ സമ്മർദ്ദത്തിന് മറുപടിയുമായി സെലെൻസ്‌കി, തിരഞ്ഞെടുപ്പ് നടത്താനും ഒരുക്കം

സമാധാന ചർച്ചകളിൽ ‘വിട്ടുവീഴ്ച’യില്ലാതെ റഷ്യ; അമേരിക്കൻ സമ്മർദ്ദത്തിന് മറുപടിയുമായി സെലെൻസ്‌കി, തിരഞ്ഞെടുപ്പ് നടത്താനും ഒരുക്കം

മ്യൂണിക്ക്: യുക്രെയ്നിൽ സമാധാനം പുനഃസ്ഥാപിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിലും റഷ്യയുടെ ഭാഗത്തുനിന്ന് യാതൊരുവിധ വിട്ടുവീഴ്ചകളും ഉണ്ടാകുന്നില്ലെന്ന് പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കി. മ്യൂണിക്ക് സെക്യൂരിറ്റി കോൺഫറൻസിൽ സംസാരിക്കവേ, സമാധാന ചർച്ചകൾ വേഗത്തിലാക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകുന്ന സമ്മർദ്ദം തനിക്ക് അനുഭവപ്പെടുന്നുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. കിഴക്കൻ യുക്രെയ്നിലെ ദോനെറ്റ്‌സ്കിൽ ഒരു ‘ഫ്രീ ഇക്കണോമിക് സോൺ’ രൂപീകരിക്കാനും അവിടെനിന്ന് യുക്രെയ്ൻ സൈന്യം പിന്മാറാനുമുള്ള അമേരിക്കയുടെ നിർദ്ദേശത്തെ സെലെൻസ്‌കി വിമർശിച്ചു.

“അവിടെയുള്ള രണ്ട് ലക്ഷത്തോളം ആളുകളെ ഞങ്ങൾക്ക് പെട്ടെന്ന് ഒഴിപ്പിക്കാൻ കഴിയില്ല. യുദ്ധം കൊടുമ്പിരിക്കൊണ്ട സമയത്ത് പോലും അവിടെനിന്ന് ഓടിപ്പോകാത്തവർ ഇപ്പോൾ എന്തിന് പലായനം ചെയ്യണം?” എന്ന് അദ്ദേഹം ചോദിച്ചു.
യുക്രെയ്നിൽ വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്തണമെന്ന വാഷിംഗ്ടണിന്റെ നിർദ്ദേശത്തോട് അദ്ദേഹം അനുകൂലമായി പ്രതികരിച്ചു. എന്നാൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി രണ്ട് മാസത്തെ വെടിനിർത്തൽ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. “റഷ്യയിലും തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ അവർക്കും ഞങ്ങൾ വെടിനിർത്തൽ അനുവദിക്കും,” എന്ന് അദ്ദേഹം പരിഹാസപൂർവ്വം കൂട്ടിച്ചേർത്തു.

സമാധാന പ്രക്രിയയെ യുക്രെയ്ൻ പിന്തുണയ്ക്കുമെങ്കിലും രാജ്യത്തിന് കൃത്യമായ സുരക്ഷാ ഉറപ്പുകൾ നൽകാൻ അമേരിക്ക തയ്യാറാകണം. യൂറോപ്യൻ യൂണിയനിൽ അംഗത്വം നേടുന്നതിനാണ് യുക്രെയ്ൻ മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേ പാനലിൽ സംസാരിച്ച നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ റഷ്യൻ മുന്നേറ്റത്തെ തള്ളിക്കളഞ്ഞു. “റഷ്യ ഈ പോരാട്ടത്തിൽ വിജയിക്കുന്നില്ലെന്ന് നമ്മൾ തിരിച്ചറിയണം. അവർ നേടുന്ന വിജയങ്ങൾ വളരെ ചെറുതാണ്, അത് യുദ്ധഗതിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നില്ല,” എന്ന് അദ്ദേഹം പറഞ്ഞു. റഷ്യയുടെ ആൾനാശം ഭീമമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Share Email
LATEST excelnclexrn
More Articles
Top