ടെക്‌സാസ്: യുഎസിലെ ടെക്‌സാസില്‍ ജൂത സിനഗോഗ് ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് 18 കാരിക്കെതിരേ കേസെടുത്തു. േനാര്‍ത്ത് കരോലിനയിലെ ലെക്‌സിങ്ടണില്‍ നിന്നുള്ള ആഞ്ചലിന ഹാന്‍ ഹിക്‌സ് എന്ന യുവതിക്കെതിരേ കൊലപാതക ഗൂഢാലോചന,മാരകമായ ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്താനുള്ള ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
എന്നാല്‍ ഈ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നു യുവതിയുടെ പിതാവ് പ്രതികരിച്ചു. ഹ്യൂസ്റ്റണിലെ കോണ്‍ഗ്രിഗേഷന്‍ ബെത് ഇസ്രായേല്‍ സിനഗോഗിനെ ലക്ഷ്യമിട്ട് രണ്ട് യുവാക്കളുമായി ചേര്‍ന്ന് യുവതി ആക്രമണം ആസൂത്രണം ചെയ്തതായാണ് കോടതി രേഖകള്‍ വ്യക്തമാക്കുന്നത്.
സിനഗോഗിലെത്തുന്നവര്‍ക്കിടയിലേക്ക് വാഹനം ഓടിച്ചുകയറി കഴിയുന്നത്ര യഹൂദരെ കൊല്ലുക” എന്നതാണ് ഈ ഗൂഢാലോചനയെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു. ഹിക്‌സിനെ ബുധനാഴ്ച നോര്‍ത്ത് കരോലിനയില്‍ നിന്ന് അറസ്റ്റ് ചെയ്ത് ഡേവിഡ്സണ്‍ കൗണ്ടി ജില്ലാ കോടതിയില്‍ ഹാജരാക്കി. ആഞ്ചല്‍, ടീഗല്‍ എന്നിങ്ങനെ രണ്ടു സഹപ്രതികളുമായി ചേര്‍ന്ന് 2028-ല്‍ ആക്രമണം നടത്താനാണ് പദ്ധതി തയ്യാറാക്കിയതെന്ന് രേഖകളില്‍ പറയുന്നു. ഈ രണ്ടുപേരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
18-year-old arrested for plotting to attack Jewish synagogue in Texas















