കണ്ണൂർ: BDS വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ ശുപാർശ പരിഗണിച്ചാണ് ഡിജിപി ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. നിതിൻ രാജിന്റെ ആത്മഹത്യയും അതുമായി ബന്ധപ്പെട്ട ഓൺലൈൻ ലോൺ ആപ്പ് തട്ടിപ്പ് കേസുകളുമാണ് ഇനി ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കുക.
നിതിൻ രാജിന്റെ മരണത്തിന് പിന്നിൽ അന്തർസംസ്ഥാന ബന്ധങ്ങളുള്ള ലോൺ ആപ്പ് മാഫിയയുടെ ഭീഷണിയുണ്ടെന്ന പ്രാഥമിക നിഗമനത്തെ തുടർന്നാണ് കേസ് പ്രത്യേക വിഭാഗത്തിന് കൈമാറാൻ തീരുമാനിച്ചത്. ലോൺ ആപ്പ് വഴി പണമെടുത്തിരുന്ന നിതിൻ രാജിനെയും സുഹൃത്തുക്കളെയും സംഘം നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും വിവരങ്ങളുണ്ട്.
കേസിന്റെ ഗൗരവം കണക്കിലെടുത്ത് സൈബർ വിദഗ്ധർ ഉൾപ്പെട്ട സംഘമായിരിക്കും അന്വേഷണം നടത്തുക. ലോൺ ആപ്പ് തട്ടിപ്പുകൾക്ക് പിന്നിലെ സാമ്പത്തിക ഇടപാടുകളും പ്രതികളുടെ വിദേശ ബന്ധങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കും.
2026 ഏപ്രിൽ 10-ന് നിതിൻ രാജ് കോളേജ് കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് വീണ് മരിക്കുകയായിരുന്നു. നിതിന് ചില അധ്യാപകരിൽ നിന്നും സഹപാഠികളിൽ നിന്നും കടുത്ത ജാതിവിവേചനവും മാനസിക പീഡനവും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് കുടുംബവും ദളിത് സംഘടനകളും ആരോപിക്കുന്നു. മരണത്തിന് പിന്നിൽ ലോൺ ആപ്പ് ഭീഷണികളും ഉള്ളതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. നിതിൻ എടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് റിക്കവറി ഏജന്റുമാർ കോളേജ് അധ്യാപകർക്ക് സന്ദേശങ്ങൾ അയച്ചിരുന്നതായി പറയപ്പെടുന്നു. ആത്മഹത്യാ പ്രേരണക്കുറ്റം (BNS സെക്ഷൻ 108), എസ്‌സി/എസ്ടി പീഡന നിരോധന നിയമം എന്നിവ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഈ കേസിൽ രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാർ പോലീസിൽ ഹാജരാവുകയും തുടർന്ന് ജാമ്യത്തിൽ വിടുകയും ചെയ്തു. ഒന്നാം പ്രതിയായ ഡോ. റാമിനായി തെരച്ചിൽ തുടരുകയാണ്.















