തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ ചൂടും ഉഷ്ണതരംഗവും നിലനില്ക്കുന്ന സാഹചര്യത്തില്‍ പൊതുപരിപാടികള്‍ക്ക് ഉള്‍പ്പെടെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം. ഉഷ്ണതരംഗ മുന്നറിയിപ്പുള്ള ഘട്ടങ്ങളില്‍ പൊതു പരിപാടികള്‍, സെലക്ഷന്‍ ട്രയലുകള്‍, പകല്‍പ്പൂരങ്ങള്‍, കലാകായിക പരിപാടികള്‍ തുടങ്ങിയ പരിപാടികള്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങളും വിലക്കുകളും ഏര്‍പ്പെടുത്തും.
വഴിയോരങ്ങളിലും കവലകളിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും ഓട്ടോ ടാക്സി സ്റ്റാന്‍ഡുകളിലും തണ്ണീര്‍ പന്തലുകള്‍ സ്ഥാപിക്കും. സഹകരണ സ്ഥാപനങ്ങള്‍ ബന്ധപ്പെട്ട പ്രദേശങ്ങളില്‍ സൗജന്യമായി തണ്ണീര്‍ പന്തല്‍ ഒരുക്കുന്നുണ്ട്. കുടിവെള്ളം, സാധ്യമാണെങ്കില്‍ സംഭാരം, തണ്ണിമത്തന്‍ തുടങ്ങിയവയും ലഭ്യമാക്കുന്ന ജനകീയ സംവിധാനമൊരുക്കാന്‍ ശ്രമിക്കണം. കുടുംബശ്രീ, സഹകരണ സ്ഥാപനങ്ങള്‍, യുവജന സംഘടനകള്‍, ക്ലബ്ബുകള്‍, മറ്റു സര്‍വ്വീസ്, സന്നദ്ധ, ട്രേഡ് യൂണിയന്‍ സംഘടനകള്‍ തുടങ്ങിയവരെല്ലാം ചേര്‍ന്ന് പരമാവധി സ്ഥലങ്ങളില്‍ ഇത് നടപ്പിലാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇതിന് നേതൃത്വം നല്‍കണം.
പ്രധാന മാര്‍ക്കറ്റുകള്‍, ബസ്സ്റ്റാന്‍ഡുകള്‍ എന്നീ പൊതു ഇടങ്ങളില്‍ ആവശ്യത്തിന് വെള്ളം, ഒ ആര്‍ എസ്, സൂര്യാഘാത പ്രഥമശുശ്രൂഷ സൗകര്യങ്ങള്‍ എന്നിവ ഒരുക്കും. ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സര്‍വ്വീസ്, ട്രേഡ് യൂണിയന്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ ഇക്കാര്യത്തില്‍ ഏകോപിതമായ പ്രവര്‍ത്തനം നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാര്‍ക്കറ്റുകള്‍, മറ്റു പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ താല്‍ക്കാലിക തണല്‍ പന്തലുകള്‍ സ്ഥാപിക്കണം. സാധ്യമായ ഇടങ്ങളില്‍ ട്രാഫിക് സിഗ്നല്‍ സമയ ദൈര്‍ഘ്യം കുറയ്ക്കുന്നതു സംബന്ധിച്ച് പോലീസ്-ട്രാഫിക് അധികാരികളുടെ അഭിപ്രായം തേടി ജില്ലാ കളക്ടര്‍മാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.
കുടിവെള്ള ലഭ്യത ഉറപ്പാക്കാനുള്ള അടിയന്തര നടപടികള്‍ വാട്ടര്‍ അതോറിറ്റിയും ജലസേചന വകുപ്പും നടപ്പിലാക്കണം. തദ്ദേശ സ്ഥാപനങ്ങളുമായി ഇക്കാര്യത്തില്‍ ഏകോപനം ഉണ്ടാകണം. മഴവെള്ള സംഭരണത്തിന് ജനകീയ ക്യാമ്പയ്ന്‍ സംഘടിപ്പിക്കണം.മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജനകീയ പങ്കാളിത്തത്തോടെ കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണം. താപനില, മഴ, ആര്‍ദ്രത, ജലനിരപ്പ് തുടങ്ങിയ വിവരങ്ങള്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ ശേഖരിക്കാനും പ്രാദേശികമായി അത് പ്രദര്‍ശിപ്പിക്കാനും അതുവഴി കാലാവസ്ഥാ സാക്ഷരത സൃഷ്ടിക്കാനുമാവണം.
സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് ഇതിനായി പണം അനുവദിക്കുന്നത് പരിഗണിക്കും. ആദ്യഘട്ടത്തില്‍ വയനാട് ജില്ലയ്ക്കായി തയ്യാറാക്കിയ പദ്ധതി ഉടനടി നടപ്പിലാക്കാന്‍ ദുരന്ത നിവാരണ വകുപ്പ് മുന്‍കൈ എടുക്കണം. മഴ മാപിനികള്‍ സ്ഥാപിക്കാന്‍ ആവശ്യമായ നടപടികള്‍ ദുരന്ത നിവാരണ അതോറിറ്റി ഈ മണ്‍സൂണിന് മുന്നേ പൂര്‍ത്തീകരിക്കണം. അതിനാവശ്യമായ ഫണ്ട് സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി കണ്ടെത്തണം.
അത്യാവശ്യ ഘട്ടങ്ങളില്‍ തീരുമാനങ്ങളെടുത്ത് നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. യോഗത്തില്‍ മന്ത്രിമാരായ കെ രാജന്‍, കെ കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്‍, വി എന്‍ വാസവന്‍, എം ബി രാജേഷ്, വീണാ ജോര്‍ജ്, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ എം എബ്രഹാം, സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍, ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍, ജില്ലാ കളക്ടര്‍മാര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Heat wave: Strict restrictions, including on public events: Decision taken at a high-level meeting chaired by the Chief Minister















