വനിതാ സംവരണത്തിന്റെ മറവിൽ മണ്ഡല പുനർനിർണ്ണയത്തിലൂടെ ലോക്‌സഭാ സീറ്റുകൾ വർദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ പാർലമെന്റിൽ സംയുക്തമായി നേരിടാൻ ഇന്ത്യ സഖ്യം തീരുമാനിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ ചേർന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിലാണ് നിർണ്ണായക തീരുമാനം എടുത്തത്. വനിതാ സംവരണത്തെ തത്വത്തിൽ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, മണ്ഡല പുനർനിർണ്ണയവുമായി അതിനെ ബന്ധിപ്പിക്കുന്നത് രാഷ്ട്രീയ ലാഭം ലക്ഷ്യമിട്ടാണെന്ന് ഖർഗെ ആരോപിച്ചു.
നിലവിലെ 543 എന്ന സീറ്റ് സംഖ്യയിൽ മാറ്റം വരുത്താതെ തന്നെ വനിതാ സംവരണം നടപ്പിലാക്കണമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ പ്രധാന ആവശ്യം. മണ്ഡല പുനർനിർണ്ണയത്തിലൂടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് അമിത പ്രാധാന്യം നൽകുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവരുന്നതിന് തുല്യമാണെന്ന് ഡിഎംകെയും തൃണമൂൽ കോൺഗ്രസും യോഗത്തിൽ ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ ഈ നീക്കം ജനാധിപത്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ജോസ് കെ മാണിയും ബിജെപിയുടെ ദുഷ്ടലാക്കാണ് ഇതിന് പിന്നിലെന്ന് എൻ.കെ പ്രേമചന്ദ്രനും പ്രതികരിച്ചു.
രാഹുൽ ഗാന്ധി, തേജസ്വി യാദവ്, സഞ്ജയ് റാവത്ത് തുടങ്ങി പ്രമുഖ നേതാക്കൾ പങ്കെടുത്ത യോഗത്തിൽ വരാനിരിക്കുന്ന ഭരണഘടനാ ഭേദഗതി ബില്ലിനെ സഭയിൽ ശക്തമായി എതിർക്കാൻ ധാരണയായി. പ്രതിപക്ഷ ഐക്യത്തിന് വിള്ളലില്ലെന്നും ബില്ലിനെതിരെ ഒറ്റക്കെട്ടായി വോട്ട് ചെയ്യുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വ്യക്തമാക്കി. മണ്ഡല പുനർനിർണ്ണയ നീക്കത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയർത്താനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.













