ഹോർമുസ് കടലിടുക്കിൽ ഇറാന്റെ നാവിക ബോട്ടുകൾ വെടിയുതിർക്കുന്നതിനിടയിലും ഒരു ഇന്ത്യൻ പതാകയുള്ള കപ്പൽ സുരക്ഷിതമായി പാത കടന്നുപോയി. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് കടലിടുക്ക് ഭാഗികമായി അടച്ച ശേഷം ഇറാൻ കടത്തിവിടുന്ന പത്താമത്തെ ഇന്ത്യൻ കപ്പലാണിത്. എന്നാൽ മേഖലയിൽ കടുത്ത ജാഗ്രത തുടരുകയാണ്. ഇതേ സമയത്ത് കടക്കാൻ ശ്രമിച്ച ‘സൻമാർ ഹെറാൾഡ്’, ‘ജാഗ് അർനവ്’ എന്നീ രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിവെപ്പുണ്ടായതിനെത്തുടർന്ന് അവയ്ക്ക് യാത്ര ഉപേക്ഷിച്ച് മടങ്ങേണ്ടി വന്നു.
ഇന്ത്യൻ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇറാന്റെ ഇന്ത്യയിലെ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയാണ് വിദേശകാര്യ മന്ത്രാലയം ആശങ്ക അറിയിച്ചത്. അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങളിൽ പ്രതിഷേധിച്ചാണ് ഇറാൻ ഹോർമുസ് കടലിടുക്കിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചത്. എന്നാൽ ഇന്ത്യയുമായി നല്ല ബന്ധമാണുള്ളതെന്നും നിലവിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും ഇറാൻ പ്രതിനിധികൾ വ്യക്തമാക്കിയിട്ടുണ്ട്.
നിലവിൽ പേർഷ്യൻ ഗൾഫ് മേഖലയിലുള്ള ഇന്ത്യൻ നാവികരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കർശന നടപടികൾ സ്വീകരിച്ചു വരികയാണ്. ഏകദേശം 499 ഇന്ത്യൻ നാവികർ മേഖലയിൽ കുടുങ്ങിക്കിടക്കുന്നതായാണ് കണക്കുകൾ. ഇവരെയും കപ്പലുകളെയും സുരക്ഷിതമായി പുറത്തെത്തിക്കുന്നതിനായി 16 കപ്പലുകളുടെ പട്ടിക സർക്കാർ തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ എൽപിജി, എൽഎൻജി കാരിയറുകളും ക്രൂഡ് ഓയിൽ ടാങ്കറുകളും ഉൾപ്പെടുന്നു. അപകടസാധ്യത കണക്കിലെടുത്ത് മേഖലയിലെ കപ്പലുകൾക്ക് പ്രതിരോധ മന്ത്രാലയം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.











