ടെഹ്‌റാന്‍: അമേരിക്കന്‍ ഉപരോധത്തെ മൂന്നു മാസം വരെ തങ്ങള്‍ക്ക് പ്രതിരോധിക്കാന്‍ കഴിയുമെന്നു ഇറാന്‍. കടലില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ടാങ്കറുകളില്‍ 90 ദിവസം വരെ വില്ക്കാനുളള എണ്ണ ഉളളതായി ഇറാന്‍ വ്യക്തമാക്കി. ബള്‍ഗേറിയയിലെ ഇറാന്‍ എംബസിയുടെ ഔദ്യോഗിക എക്‌സ് പ്ലാറ്റ്‌ഫോമില്‍ കൂടെയാണ് ഈ പ്രതികരണം നടത്തിയിരിക്കുന്നത്. ഇറാനെ ബ്ലാക്ക് മെയിലിംഗിന് അനുവദിക്കില്ലെന്നു ഇസ്‌ളാമാബാദിലെ അമേരിക്ക- ഇറാന്‍ സമാധാന ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെ ട്രംപ് പ്രതികരണം നടത്തിയിരുന്നു.
ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ, ഹോര്‍മുസ് കടലിടുക്ക് വഴി ഇറാനിലേക്കും തിരിച്ചുമുള്ള കപ്പല്‍ ഗതാഗതം തടയുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ ഉപരോധത്തെ അതിജീവിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നും മറിച്ച് അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും ഈ കാലയളവ് അതിജീവിക്കാന്‍ കഴിയുമോ എന്ന ചോദ്യമാണ് ഉന്നയിക്കുന്നത്.
ഇറാനെ ഭീഷണിപ്പെടുത്തിയിരിക്കുന്ന ട്രംപ് ഒരു കാര്യം മനസിലാക്കിക്കൊള്ളുക. കടലിലെ ടാങ്കറുകളില്‍ മൂന്ന് മാസത്തേക്ക് വില്‍ക്കാനുള്ള എണ്ണ ഇറാന്‍ സംഭരിച്ചു കഴിഞ്ഞു. ഇറാന്‍ എംബസി കുറിച്ചു. നിങ്ങള്‍ക്കും നിങ്ങളുടെ സഖ്യകക്ഷികള്‍ക്കും ആ കാലയളവ് വരെ പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്ന് ഉറപ്പാണോ എന്നും പോസ്റ്റില്‍ ചോദിക്കുന്നു.
തങ്ങളുടെ തുറമുഖങ്ങള്‍ അടച്ചാല്‍ ലോക വിപണിയെ സ്വാധീനിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന സന്ദേശമാണ് ഇറാന്‍ ഇതിലൂടെ നല്‍കുന്നത്. ടാങ്കര്‍ ട്രാക്കേഴ്‌സ് ഡോട്ട് കോം നല്‍കുന്ന വിവരമനുസരിച്ച്, ഒമാന്‍ ഉള്‍ക്കടലില്‍ ഇറാന്റെ 10 കൂറ്റന്‍ സൂപ്പര്‍ ടാങ്കറുകളു ഒരു സുയസ്മാക്‌സ് ടാങ്കറും നിലയുറപ്പിച്ചിട്ടുണ്ട്. ഓരോ സൂപ്പര്‍ ടാങ്കറിലും രണ്ട് ദശലക്ഷം ബാരല്‍ എണ്ണ വീതം സംഭരിക്കാം. ഇത്തരത്തില്‍ ഏകദേശം 21 ദശലക്ഷം ബാരല്‍ എണ്ണ ഇറാന്‍ കടലില്‍ സംഭരിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.
Iran says it can withstand US sanctions for up to three months













