അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യയിൽ കടുപ്പിച്ച് ഇറാൻ. ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് വഴി അനുമതിയില്ലാതെ കടക്കാൻ ശ്രമിച്ച രണ്ട് വിദേശ ചരക്കുകപ്പലുകൾ ഇറാൻ റവല്യൂഷണറി ഗാർഡ് (IRGC) പിടിച്ചെടുത്തു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നും നാവിഗേഷൻ സംവിധാനങ്ങളിൽ കൃത്രിമം കാണിച്ചുവെന്നുമാണ് ഇറാന്റെ ആരോപണം. ഇറാനിലെ തസ്നീം വാർത്താ ഏജൻസിയാണ് ഈ വിവരം പുറത്തുവിട്ടത്.
ഇസ്രായേലുമായി ബന്ധമുള്ള പനാമയുടെ പതാകയേന്തിയ ‘എം.എസ്.സി-ഫ്രാൻസിസ്ക’, ലൈബീരിയൻ കപ്പലായ ‘എപ്പാമിനോഡസ്’ എന്നിവയാണ് ഇറാൻ സേനയുടെ നിയന്ത്രണത്തിലായത്. ഇതിൽ ‘എപ്പാമിനോഡസ്’ ദുബായിലെ ജബൽ അലി തുറമുഖത്ത് നിന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് വരികയായിരുന്നു. ഗുജറാത്തിലേക്കുള്ള കപ്പൽ പിടിച്ചെടുത്തത് ഇന്ത്യൻ ചരക്കുനീക്കത്തെയും ബാധിക്കുമെന്ന ആശങ്ക ഉയർത്തുന്നുണ്ട്. നിലവിൽ കപ്പലുകളെ ഇറാൻ തീരത്തേക്ക് മാറ്റിയിരിക്കുകയാണ്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്ര തങ്ങളുടെ കർശനമായ മേൽനോട്ടത്തിലും അനുമതിയോടെയുമായിരിക്കണമെന്ന് ഇറാൻ റവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പുകൾ അവഗണിക്കുന്ന കപ്പലുകൾക്കെതിരെ ഇനിയും കടുത്ത നടപടികൾ ഉണ്ടാകുമെന്നും അവർ വ്യക്തമാക്കി. ചെങ്കടലിലും പശ്ചിമേഷ്യയിലും സംഘർഷം പുകയുന്നതിനിടെ ഇറാൻ നടത്തിയ ഈ നീക്കം ആഗോള വിപണിയിലും കപ്പൽ ഗതാഗത മേഖലയിലും വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.












