ടെഹ്‌റാന്‍: ഡോണള്‍ഡ് ട്രംപ് ഒരു മണിക്കൂറിനുള്ളില്‍ ഏഴ് കള്ളങ്ങള്‍ പറഞ്ഞുവെന്ന് ആരോപിച്ച് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫ് രംഗത്ത്. േഹോര്‍മുസ് കടലിടുക്ക് വ്യാപാരത്തിനായി തുറന്നു കിടക്കുകയാണെന്ന ട്രംപിന്റെ അവകാശവാദത്തെ തള്ളിക്കൊണ്ടാണ് ഇറാന്റെ സ്പീക്കറുടെ ഈ പ്രതികരണം.
അമേരിക്കന്‍ ഉപരോധം തുടരുകയാണെങ്കില്‍ ഹോര്‍മുസ് കടലിടുക്ക് അടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാനുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പറഞ്ഞ ഏഴ് അവകാശവാദങ്ങളും തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ ഉപരോധം തുടര്‍ന്നാല്‍ ഹോര്‍മുസ് കടലിടുക്ക് തുറന്നു കൊടുക്കില്ലെന്നും നിശ്ചയിക്കപ്പെട്ട പാതയിലൂടെയുള്ള സഞ്ചാരത്തിന് ഇറാന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഹോര്‍മുസ് കടലിടുക്കിന്റെ പദവിയും അതിലെ നിയന്ത്രണങ്ങളും തീരുമാനിക്കുന്നത് സോഷ്യല്‍ മീഡിയയിലെ പ്രഖ്യാപനങ്ങളിലൂടെയല്ലെന്നും മറിച്ച് നേരിട്ടുള്ള നടപടികളിലൂടെയായിരിക്കുമെന്ന് ഖാലിബാഫ് വ്യക്തമാക്കി.ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി നേരത്തെ അറിയിച്ചിരുന്നുവെങ്കിലും ഉപരോധം തുടരുന്ന സാഹചര്യത്തില്‍ നിലപാട് കടുപ്പിക്കുകയാണ് ഇറാന്‍.
ഇറാന്റെ ആണവ പദ്ധതി അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കാന്‍ അവര്‍ സമ്മതിച്ചതായി ബ്ലൂംബെര്‍ഗിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇറാന്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. കൂടാതെ, ഇറാന്റെ പക്കലുള്ള സംമ്പുഷ്ടീകരിച്ച യൂറേനിയം അമേരിക്കയ്ക്ക് കൈമാറാന്‍ അവര്‍ തയ്യാറായെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ കുറിച്ചു. ഇസ്രായേല്‍ ലെബനനില്‍ നടത്തുന്ന ബോംബാക്രമണം നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
Iran says Trump told seven lies in one hour













