ഗവർണറുടെ പരിപാടിയിൽ പാലിക്കേണ്ട മര്യാദകൾ; വിവാദ സർക്കുലർ പിൻവലിച്ച് കാലടി സർവകലാശാല

ഗവർണറുടെ പരിപാടിയിൽ പാലിക്കേണ്ട മര്യാദകൾ; വിവാദ സർക്കുലർ പിൻവലിച്ച് കാലടി സർവകലാശാല

ശങ്കരജയന്തി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് പുറത്തിറക്കിയ സർക്കുലർ കാലടി സർവകലാശാല പിൻവലിച്ചു. ഗവർണറുടെ സന്ദർശനത്തോടനുബന്ധിച്ച് പാലിക്കേണ്ട മര്യാദകൾ എന്ന പേരിൽ പുറത്തിറക്കിയ നിർദ്ദേശങ്ങൾ വലിയ വിവാദമായ പശ്ചാത്തലത്തിലാണ് സർവകലാശാലയുടെ നടപടി. സർക്കുലറിലെ പല നിർദ്ദേശങ്ങളും അമിതമായ നിയന്ത്രണങ്ങളാണെന്ന ആക്ഷേപം ശക്തമായിരുന്നു.

ഗവർണർ ഹാളിലേക്ക് പ്രവേശിക്കുമ്പോഴും മടങ്ങുമ്പോഴും എല്ലാവരും എഴുന്നേറ്റ് നിൽക്കണം, മൊബൈൽ ഫോണുകൾ നിർബന്ധമായും സൈലന്റ് മോഡിലാക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ സർക്കുലറിൽ ഉണ്ടായിരുന്നു. എന്നാൽ ഗവർണറുടെ പ്രസംഗത്തിനിടെ അനാവശ്യ ചലനങ്ങൾ ഒഴിവാക്കണമെന്നും, പ്രസംഗം അവസാനിക്കുമ്പോൾ നിർബന്ധമായും കൈയടിക്കണമെന്നുമുള്ള നിർദ്ദേശങ്ങളാണ് കൂടുതൽ വിമർശനങ്ങൾക്ക് വഴിവെച്ചത്. ഗവർണർ മടങ്ങുന്നത് വരെ ആരും ഹാൾ വിട്ടു പുറത്തുപോകരുതെന്നും സർക്കുലറിൽ വ്യക്തമാക്കിയിരുന്നു.

സർക്കുലറിനെതിരെ വിദ്യാർത്ഥി സംഘടനകളും സാംസ്കാരിക പ്രവർത്തകരും രംഗത്തെത്തിയതോടെയാണ് സർവകലാശാല അധികൃതർ വെട്ടിലായത്. സർവകലാശാലകളിൽ ജനാധിപത്യപരമായ സ്വതന്ത്ര അന്തരീക്ഷം ഇല്ലാതാക്കുന്നതാണ് ഇത്തരം ഉത്തരവുകളെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. വിവാദം കൊഴുത്തതോടെ ഗവർണറുടെ പരിപാടി സുഗമമായി നടത്തുന്നതിനാണ് സർക്കുലർ പിൻവലിക്കാൻ സർവകലാശാല തീരുമാനിച്ചത്.

Share Email
LATEST
Top