മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസി സതീശൻ മുണ്ടത്തിക്കോട് മരിച്ചു. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ കഴിയവേയാണ് അന്ത്യം. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി ഉയർന്നു. അപകടം നടന്ന ദിവസം മുതൽ 90 ശതമാനത്തിലധികം പൊള്ളലേറ്റ നിലയിൽ അതീവ ഗുരുതരാവസ്ഥയിലായിരുന്നു സതീശൻ.
തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് ഒരുക്കുന്നതിൽ വർഷങ്ങളായി സജീവമായിരുന്നു സതീശൻ. മൂന്ന് വർഷമായി തിരുവമ്പാടി വിഭാഗത്തിന്റെ പ്രധാന ലൈസൻസിയായി പ്രവർത്തിച്ചു വരികയായിരുന്നു. പിതാവ് മണിപാപ്പന്റെ പാത പിന്തുടർന്ന് ഈ മേഖലയിലെത്തിയ സതീശന് പതിമൂന്ന് വർഷത്തിലേറെ പ്രവൃത്തിപരിചയമുണ്ട്. 2024-ലെ തൃശൂർ പൂരത്തിന് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങൾക്കായി ആദ്യമായി സൗഹൃദ വെടിക്കെട്ട് ഒരുക്കിയത് ഇദ്ദേഹമായിരുന്നു.
ഇത്തവണ തിരുവമ്പാടി ദേവസ്വത്തിന് വേണ്ടി മാത്രമാണ് സതീശൻ വെടിക്കെട്ട് ഒരുക്കിയിരുന്നത്. ഇതിനായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കവേയാണ് മുണ്ടത്തിക്കോട്ടെ പടക്ക നിർമ്മാണ ശാലയിൽ നടുക്കുന്ന അപകടമുണ്ടായത്. പരിചയസമ്പന്നനായ ഒരു വെടിക്കെട്ട് വിദഗ്ധനെയാണ് സതീശന്റെ വേർപാടിലൂടെ തൃശൂർ പൂരത്തിന് നഷ്ടമായിരിക്കുന്നത്.















