മലപ്പുറം പാങ്ങ് ചേണ്ടി പാറമ്മൽ എൽപി സ്കൂളിലെ അധ്യാപകരും ജീവനക്കാരും കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന മിനിവാൻ വാൽപ്പാറയിൽ 300 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് ഒൻപത് പേർ മരിച്ചു. ഏഴ് സ്ത്രീകളും രണ്ട് കുട്ടികളുമാണ് അപകടത്തിൽ മരിച്ചത്. അതിരപ്പള്ളി, മലക്കപ്പാറ സന്ദർശനത്തിന് ശേഷം വാൽപ്പാറയിലേക്ക് പോകുന്നതിനിടെ ഹെയർപിൻ വളവിൽ നിയന്ത്രണം വിട്ട വാഹനം സംരക്ഷണ ഭിത്തി തകർത്ത് കൊക്കയിലേക്ക് മറിയുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്.
അപകടത്തിൽപ്പെട്ട വാഹനത്തിലുണ്ടായിരുന്ന നാല് പേർ നിലവിൽ ചികിത്സയിലാണ്. ഇതിൽ നില ഗുരുതരമായ മൂന്ന് പേരെ കോയമ്പത്തൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. യാത്രയ്ക്കിടെ അധ്യാപകർ ഗ്രൂപ്പുകളിൽ പങ്കുവെച്ച സന്തോഷകരമായ ചിത്രങ്ങൾ ഇപ്പോൾ നാടിന് നൊമ്പരമാവുകയാണ്. മൃതദേഹങ്ങൾ പൊള്ളാച്ചി ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ തമിഴ്‌നാട് പൊലീസ് അന്വേഷണം ഊർജിതമാക്കി.











