വാഷിംഗ്ടൺ: ഇറാനുമായുള്ള സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ, തന്റെ നിലപാട് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. തോക്കേന്തി ഏവിയേറ്റർ സൺഗ്ലാസ് ധരിച്ചുകൊണ്ടുള്ള എഡിറ്റ് ചെയ്ത സ്വന്തം ചിത്രം ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചുകൊണ്ടാണ് ട്രംപ് ഇറാന് കർശനമായ മുന്നറിയിപ്പ് നൽകിയത്. “ഇനി മാന്യമായ കളിയില്ല” എന്ന കുറിപ്പും അമേരിക്കൻ പതാകയുടെ ചിത്രവും ഇതിനൊപ്പം അദ്ദേഹം ഉൾപ്പെടുത്തിയിട്ടുണ്ട്.
ആണവ കരാർ ഒപ്പിടുന്ന കാര്യത്തിൽ ഇറാന് വ്യക്തമായ തീരുമാനമെടുക്കാൻ സാധിക്കുന്നില്ലെന്ന് ട്രംപ് തന്റെ കുറിപ്പിൽ കുറ്റപ്പെടുത്തി. ഇറാൻ എത്രയും വേഗം വിവേകപൂർവ്വം പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകൾ സ്തംഭനാവസ്ഥയിൽ തുടരുന്ന സാഹചര്യത്തിലാണ് ബുധനാഴ്ച പുലർച്ചെയുള്ള ട്രംപിന്റെ ഈ പ്രതികരണം.
ഹോർമുസ് കടലിടുക്ക് തുറന്നു നൽകണമെന്നും എന്നാൽ ആണവ പദ്ധതികളെക്കുറിച്ചുള്ള ചർച്ചകൾ പിന്നീട് നടത്താമെന്നുമുള്ള ഇറാന്റെ മുൻ നിർദ്ദേശം ട്രംപ് നേരത്തെ തള്ളിയിരുന്നു. വരും ദിവസങ്ങളിൽ പാകിസ്ഥാൻ വഴി പുതിയൊരു ഒത്തുതീർപ്പ് നിർദ്ദേശം ഇറാൻ സമർപ്പിക്കാനിരിക്കെയാണ് അമേരിക്കൻ പ്രസിഡന്റ് തന്റെ കർക്കശമായ നിലപാട് വീണ്ടും വ്യക്തമാക്കിയത്.

















