ലീഗ് സിറ്റിയിലെ ബോൾപാർക്ക് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന രണ്ടാമത് ആൽബർട്ട് മെമ്മോറിയൽ സോക്കർ ടുർണമെൻറ്റിൽ പെയർലാൻഡ് സെന്റ് മേരീസ് വീണ്ടും ജേതാക്കൾ ആയി. ആവേശകരമായ ഫൈനൽ മത്സരത്തിൽ പെയർലാൻഡ് സെന്റ് മേരീസ് ഹ്യൂസ്റ്റൺ സെയിന്റ് ജോസഫിനെ പരാജയപ്പെടുത്തി. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് വീതം ഗോൾ നേടി സമനിലയിൽ ആയിരുന്നു. തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് വിജയികളെ നിർണയിച്ചത്.

രാവിലെ എട്ടുമണിക്ക് പെയർലാൻഡ് സെന്റ് മേരീസ് ഇടവക വികാരി ഫാദർ വർഗീസ് കുന്നത്ത് ഉദ്ഘാടനം ചെയ്ത ടൂർണമെന്റിൽ ടെക്സസിലെ എട്ടോളം പ്രമുഖ ടീമുകൾ പങ്കെടുത്തു.
ജെ. വർഗീസ് മാനേജ്മെന്റ് എൽ.എൽ.സി ടൂർണമെന്റിന്റെ പ്ലാറ്റിനം സ്പോൺസർ ആയിരുന്നു. മറ്റ് സ്പോൺസർമാരായി ഫ്രണ്ട്സുവൂഡ് ഹോസ്പിറ്റൽ, ജസ്റ്റിൻ ഫിലിപ്പ് റിയൽറ്റർ, ജസ്റ്റിൻ ചക്കാലയിൽ റിയൽറ്റർ, അബാക്കസ് ട്രാവൽസ്, മന്നാ ഗ്രോസറി, എ ബി ഫുഡ് വേൾഡ് എന്നിവരുമുണ്ടായിരുന്നു.

ടൂർണമെന്റിലെ വിജയികൾക്ക് ആൽബർട്ട് മെമോറിയൽ എവർറോളിംഗ് ട്രോഫിയും ആയിരത്തി അഞ്ഞൂറ് ഡോളറും ലഭിച്ചു. റണ്ണേഴ്‌സ്-അപ്പ് സെന്റ് ജോസഫ് ടീമിന് ട്രോഫിയും എഴുനൂറ്റി അമ്പത് ഡോളറും ലഭിച്ചു. കേരളത്തിന്റെ മുൻ പ്രമുഖ ഫുട്ബോൾ താരവും ഇന്ത്യൻ ക്യാപ്റ്റനുമായിരുന്ന ജോപോൾ അഞ്ചേരി കളിക്കാർക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു.


സെന്റ് മേരീസിന്റെ ഷോൺ സന്തോഷ് (ടോപ് സ്കോറർ), ജെഫിൻ ആന്റണി (മികച്ച കളിക്കാരൻ), സെന്റ് ജോസഫിന്റെ സെബാസ്റ്റ്യൻ ആൻഡ്രൂസ് (മികച്ച ഗോൾകീപ്പർ) എന്നിവർക്ക് വ്യക്തിഗത അവാർഡുകൾ ലഭിച്ചു.
സെന്റ് മേരീസ് പള്ളി വികാരി ഫാദർ വർഗീസ് കുന്നത്തിന്റെ മേൽനോട്ടത്തിൽ ഷോൺ സന്തോഷ്, ജോഹാൻ ജോസഫ്, അശ്വിൻ ജേക്കബ്, ജോയൽ ജോസ്, ജേക്കബ് തെരുവത്ത് എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.
















