അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും പത്നി മെലാനിയ ട്രംപും വെടിവെപ്പിൽ നിന്ന് പരിക്കേൽക്കാതെ രക്ഷപ്പെട്ടതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശ്വാസം രേഖപ്പെടുത്തി. വാഷിംഗ്ടൺ ഹിൽട്ടണിൽ നടന്ന വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെയുണ്ടായ സുരക്ഷാ വീഴ്ചയെയും ആക്രമണത്തെയും അദ്ദേഹം ശക്തമായി അപലപിച്ചു. ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്നും ട്രംപിന്റെയും കുടുംബത്തിന്റെയും സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നതായും മോദി എക്സിലൂടെ (X) അറിയിച്ചു.
ശനിയാഴ്ച രാത്രി വൈറ്റ് ഹൗസ് മാധ്യമപ്രവർത്തകർക്കായി ഒരുക്കിയ വിരുന്നിനിടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. സുരക്ഷാ പരിശോധന നടക്കുന്ന പ്രധാന സ്ഥലത്തേക്ക് തോക്കുമായി അതിക്രമിച്ചു കയറിയ അക്രമി വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ ട്രംപിനെയും മെലാനിയയെയും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. എട്ട് തവണയോളം വെടിയൊച്ച കേട്ടതോടെ വിരുന്നിനെത്തിയ നൂറുകണക്കിന് അതിഥികൾ പരിഭ്രാന്തരായി മേശകൾക്കടിയിൽ അഭയം തേടി.
ആക്രമണത്തിൽ ഒരു സീക്രട്ട് സർവീസ് ഏജന്റിന് വെടിയേറ്റെങ്കിലും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാൽ വലിയ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാലിഫോർണിയ സ്വദേശിയായ 31 വയസ്സുകാരനാണ് അക്രമിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു. 2,600 ഓളം അതിഥികൾ പങ്കെടുത്ത ചടങ്ങ് വെടിവെപ്പിനെത്തുടർന്ന് റദ്ദാക്കി. സംഭവത്തെക്കുറിച്ച് എഫ്ബിഐയും സീക്രട്ട് സർവീസും വിശദമായ അന്വേഷണം ആരംഭിച്ചു.















