ട്രംപിനെതിരായ വധശ്രമം നാടകമെന്ന് സോഷ്യൽ മീഡിയ, ഗൂഢാലോചന വാദം ശക്തം; വിശദീകരണവുമായി അധികൃതർ

ട്രംപിനെതിരായ വധശ്രമം നാടകമെന്ന് സോഷ്യൽ മീഡിയ, ഗൂഢാലോചന വാദം ശക്തം; വിശദീകരണവുമായി അധികൃതർ
Share Email

വാഷിങ്ടൺ ഹിൽട്ടണിൽ നടന്ന പരിപാടിക്കിടെ ഡോണൾഡ് ട്രംപിന് നേരെയുണ്ടായ വധശ്രമം രാഷ്ട്രീയ ലാഭത്തിനായി കെട്ടിച്ചമച്ചതാണെന്ന ഗൂഢാലോചനാ സിദ്ധാന്തങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമാകുന്നു. ആക്രമണം നടന്നതിന് പിന്നാലെ ‘സ്റ്റേജ്ഡ്’ എന്ന വാക്ക് എക്സ് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ ലക്ഷക്കണക്കിന് തവണയാണ് പ്രചരിച്ചത്. വൈറ്റ് ഹൗസിലെ പുതിയ ബോൾറൂം നിർമ്മാണത്തിന് പൊതുജനപിന്തുണ നേടാൻ ട്രംപ് തന്നെ ഒരുക്കിയ നാടകമാണിതെന്നാണ് പ്രധാന ആരോപണം.

പരിപാടിക്ക് മുൻപ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് നടത്തിയ ചില പരാമർശങ്ങളും റിപ്പോർട്ടറുടെ ലൈവ് സിഗ്നൽ നഷ്ടപ്പെട്ടതും ഗൂഢാലോചനാ വാദികൾ തെളിവായി ഉയർത്തിക്കാട്ടുന്നു. എന്നാൽ ഈ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അധികൃതർ വ്യക്തമാക്കി. ലീവിറ്റിന്റെ പരാമർശം ട്രംപ് അവതരിപ്പിക്കാനിരുന്ന തമാശകളെ കുറിച്ചായിരുന്നുവെന്നും സാങ്കേതിക തകരാർ മൂലമാണ് ലൈവ് സിഗ്നൽ തടസ്സപ്പെട്ടതെന്നും അന്വേഷണസംഘം വിശദീകരിച്ചു.

പ്രതിയായ കോൾ തോമസ് അലന് വിദേശ രാജ്യങ്ങളുമായി ബന്ധമുണ്ടെന്ന റഷ്യൻ, ഇറാനിയൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകളും അന്വേഷണ ഏജൻസികൾ തള്ളി. ആക്രമണത്തിന് പിന്നിൽ വ്യക്തിപരമായ കാരണങ്ങൾ മാത്രമാണെന്നും പ്രതിയുടെ മാനിഫെസ്റ്റോ പരിശോധിച്ചതിൽ നിന്ന് മറ്റ് ഇടപെടലുകൾ കണ്ടെത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്ന് അധികൃതർ ആവർത്തിച്ചു.

വാഷിങ്ടൺ ഹിൽട്ടണിലെ അത്താഴവിരുന്നിനിടെയാണ് കാലിഫോർണിയ സ്വദേശിയായ പ്രതി സുരക്ഷാ വലയം ഭേദിച്ച് വെടിയുതിർത്തത്. സംഭവത്തിന് പിന്നാലെ ട്രംപിനെയും ജെ.ഡി വാൻസിനെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള പ്രതിയെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തു വരികയാണ്.

Share Email
LATEST excelnclexrn
More Articles
Top