swayamvara
pulimoottil

മയക്കുമരുന്നിന് അടിമകളാകുന്ന അധ്യാപകരും അധ്യാപനവും

മയക്കുമരുന്നിന് അടിമകളാകുന്ന അധ്യാപകരും അധ്യാപനവും

ബ്ലെസ്സണ്‍ ഹ്യൂസ്റ്റണ്‍

അധ്യാപനം അതിനോളം മഹത്തായ മറ്റൊരു ജോലിയില്ല. അജ്ഞാതയില്‍ നിന്ന് അറിവിന്റെ ലോകത്തേയ്ക്ക് ഒരാളെ കൈപിടിച്ച് നടത്തുന്നവരാണ് അദ്ധ്യാപകര്‍. ഇന്ത്യയുടെ പ്രഥമ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായ ഡോ. എസ് രാധാകൃഷ്ണന്റെ വാക്കുകളാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. അദ്ധ്യാപനത്തിന്റെ മഹത്വം ലോകത്തിന് കാണിച്ചുകൊടുത്ത അദ്ദേഹത്തിന്റെ ജന്മദിനമാണ് ഇന്ത്യ അദ്ധ്യാപക ദിനമായി ആചരിക്കുന്നത്. ഒരദ്ധ്യാപക കുടുംബത്തില്‍ നിന്നുള്ളതിനാല്‍ അദ്ധ്യാപനത്തിന്റെ മഹത്വം എന്താണെന്ന് വ്യക്തമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

സമൂഹം ആദരവോടെയാണ് അധ്യാപകരെ കണ്ടിരുന്നത്. രാഷ്ട്രത്തിന്റെ തലവന്‍ പോലും തന്റെ അദ്ധ്യാപകനെ കണ്ടാല്‍ എഴുന്നേറ്റ് ആദരിച്ചിരുന്നു. ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന സമയത്ത് ഡോ. ശങ്കര്‍ദയാല്‍ ശര്‍മ്മ ഒമാന്‍ സന്ദര്ശിക്കുകയുണ്ടായി. അദ്ദേഹത്തെ സ്വീകരിക്കുവാന്‍ അന്നത്തെ ഒമാന്‍ രാഷ്ട്രത്തലവന്‍ എല്ലാ പ്രോട്ടോക്കോളും മാറ്റിവച്ച് വിമാനത്താവളത്തില്‍ എത്തിയിരുന്നു. അത് മാത്രമല്ല വിമാത്താവളത്തില്‍ നിന്ന് അദ്ദേഹത്തെ കൊട്ടാരത്തിലേക്ക് സ്വയം ഡ്രൈവ് ചെയ്താണ് ഒമാന്‍ ഭരണാധികാരിയായ…. കൊണ്ടുപോയത്. അതിന് കാരണം ഡോ. ശര്‍മ്മ അദ്ദേഹത്തിന്റെ അദ്ധ്യാപകനായിരുന്നു. കൊലകത്തിയുമായി നില്‍ക്കുന്നവന്‍ പോലും തന്റെ അദ്ധ്യാപകനെ കണ്ടാല്‍ കൈവിറക്കുമായിരുന്നു. ഒരദ്ധ്യാപകന്റെ മഹത്വവും സമൂഹം എത്രമാത്രം ആദരിച്ചിരുന്നുമെന്നുള്ളത്തിന് ഉദാഹരണങ്ങളായിരുന്നു മേല്പറഞ്ഞത്. അദ്ധ്യാപകര്‍ രാഷ്ട്രത്തിന്റെ നാളെയുടെ വാഗ്ദാനങ്ങളെ സൃഷ്ടിക്കുന്നവരാണ്. രാഷ്ട്രപുനനിര്‍മ്മാണത്തിന് ഏറ്റവും വലിയ സംഭാവനകള്‍ നല്‍കുന്നവരാണ് അദ്ധ്യാപകര്‍.

ഒരു കാലത്ത് അദ്ധ്യാപകരെ ബഹുമാനത്തോടെ കണ്ടിരുന്നെങ്കില്‍ ഇന്ന് അതിന് മാറ്റമുണ്ട്. അതിന് കാരണം അവരുടെ പ്രവര്‍ത്തികള്‍ തന്നെയെന്നുവേണം കരുതാന്‍. ഇന്ന് സമൂഹത്തിലെ എല്ലാ സാമൂഹിക വിരുദ്ധ പ്രവര്‍ത്തികള്‍ക്കും പിന്നില്‍ അധ്യാപകരുമുണ്ട്. എല്ലാവരും ഇല്ലെങ്കിലും ഒരു ചെറിയ ശതമാനമുണ്ട്. ഇന്ന് മയക്കുമരുന്ന് സംഘങ്ങളില്‍ പോലും അദ്ധ്യാപകര്‍ കേരളത്തിലുണ്ട്. ഈ അടുത്ത കാലത്ത് വടകരയില്‍ നിന്ന് മൂന്ന് അദ്ധ്യാപികമാരെ മയക്കുമരുന്ന് കേസ്സില്‍ അറസ്റ്റ് ചെയ്യുകയുണ്ടായത് കേരളത്തില്‍ ഇന്ന് മയക്കുമരുന്ന് കടത്തുന്നതില്‍ പോലും അദ്ധ്യാപകര്‍ ഉള്‍പ്പെടുന്നു യെന്നതിന്റെ തെളിവാണ്.

കേരളത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നടപ്പാക്കിയ മയക്കുമരുന്നിനെതിരെയുള്ള തുഫാന്റെ അന്വേഷണത്തിലാണ് ഈ അദ്ധ്യാപികമാരുടെ മയക്കുമരുന്ന് ഇടപാട് പോലീസ്സ് കണ്ടെത്തിയത്. ഇവര്‍ ഇടപാട് നടത്തുന്നവര്‍ മാത്രമല്ല അത് ഉപയോഗിക്കുന്നവര്‍കുടിയാണെന്ന് കണ്ടെത്തിയത് കേരളം കേട്ടത് ഒരു മരവിപ്പോടെയാണ്. വിദ്യാര്‍ത്ഥികളെ പഠിപ്പിപ്പിക്കുമ്പോള്‍ അവര്‍ മയക്കുമരുന്ന് ഉപയോഗിച്ച ശേഷമായിരുന്നുയെന്നത് നൂറു ശതമാനം സാക്ഷരതയുണ്ടെന്ന് അഭിമാനിക്കുന്ന കേരളത്തിലാണ് നടന്നത്. നമ്മുടെ വിദ്യാഭ്യാസത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യുതിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇവര്‍ക്ക് എങ്ങനെ പറയാന്‍ കഴിയും ഇവരുടെ കുട്ടികളോട് മയക്കുമരുന്ന് ഉപയോഗിക്കരുതെന്ന്. അല്ലെങ്കില്‍ ഒരു കുട്ടി ഇത് ഉപയോഗിച്ചിട്ട് ക്ലാസ്സില്‍ വന്നാല്‍ അതിനെതിരെ നടപടിയെടുക്കാന്‍ എങ്ങനെ ധൈര്യം വരും. അമ്മ വേലിചാടി മകള്‍ മതില് ചാടിയെന്നതായിരിക്കും ഇവരുടെ കുട്ടികളുടെ അവസ്ഥ. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ വേലി തന്നെ വിള തിന്നുന്ന അവസ്ഥയാണ് ഇവരുടെ വിദ്യാലത്തിലേത്.

മൂന്ന് അദ്യാപികമാരെ മയക്കുമരുന്ന് കടത്തിയതിനും അത് ഉപയോഗിച്ചതിനും അറസ്റ്റ് ചെയ്തത് അത്ര ഗൗരവത്തോടെ കേരളം കണ്ടോ എന്ന് സംശയമാണ് അദ്ധ്യാപകര്‍ ഇങ്ങനെയായാല്‍ കുട്ടികള്‍ പിന്നെ എങ്ങനെയാകും. മദ്യപിച്ചെത്തുന്ന അദ്ധ്യാപകരെകുറിച്ച് കേട്ടിട്ടുണ്ട്. എന്നാല്‍ അദ്ധ്യാപകര്‍ മയക്ക് മരുന്നിന് അതും വനിത അദ്ധ്യാപകര്‍ അറസ്റ്റ് ചെയ്യപ്പെടുന്നത് വളരെ വിരളമാണ്. ഇത് ഒരുപക്ഷെ ഒറ്റപ്പെട്ട സംഭവമായി ഇതിനെ കാണരുത്. കാരണം തുഫാന്‍ തുടങ്ങിയിട്ടേ ഉള്ളു. കൂടുതല്‍ ആഴത്തില്‍ അന്വേഷണം നടത്തുമ്പോള്‍ ഇതിന് സമാനമായ സംഭവങ്ങള്‍ ഉണ്ടാകാം. എത്രമാത്രം മയക്കുമരുന്നില്‍ കേരളം അകപ്പെട്ടിട്ടുണ്ടെന്ന് അതില്‍കൂടി മനസിലാക്കാം. കേരളത്തില്‍ മിഡില്‍ സ്‌കൂള്‍ തൊട്ട് വിദ്യാര്‍ഥികള്‍ പുകവലിക്കുന്നുണ്ടെന്നാണ് ഈ അടുത്ത കാലത്ത് വന്ന ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹൈസ്‌കുളുകളിലെ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ മയക്കുമരുന്നുപയോഗം വളരെയധികം ഉണ്ടെന്നും ആ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവയൊക്ക് കുട്ടികളില്‍ എത്തിക്കാന്‍ കുട്ടികളുടെ ഇടയില്‍ തന്നെ പ്രത്യേക സംഘം ഉണ്ടെന്നാണ് അവര്‍ കണ്ടെത്തിയത്. പണ്ട് ഐസും നാരങ്ങാമുട്ടായും കഴിച്ചിരുന്ന സ്ഥാനത്ത് ഇന്ന് വീര്യമുള്ള വസ്തുക്കളായി മാറി. അതിന് കാരണം പലതാണ് അവര്‍ക്ക് അത് യഥേഷ്ടം കിട്ടുന്നു. അവര്‍ അതുപയോഗിക്കുമ്പോള്‍ അത് കണ്ടുപിടിക്കാന്‍ അധ്യാപകര്‍ക്കോ മാതാപിതാക്കള്‍ക്കോ കഴിയാറില്ല. അദ്ധ്യാപകര്‍ അതിന്റെ ഇടനിലക്കാരും ഉപയോഗിക്കുന്നവരും ആകുമ്പോള്‍ എങ്ങനെ സാധിക്കും. റീല്‍സുമായും സെല്‍ഫോണുമായി തിരക്കാകുന്ന മാതാപിതാക്കളും എങ്ങനെ ശ്രദ്ധിക്കാനാണ്.

എളുപ്പത്തില്‍ പണം നേടാന്‍ ഇന്നത്തെ തലമുറ കണ്ടെത്തുന്ന മാര്‍ഗ്ഗമാണ് മയക്കുമരുന്നില്‍ പങ്കാളികളാവുകയെന്നത്. അതില്‍ ഇന്ന് അദ്ധ്യാപകരും ഉള്‍പ്പെടുന്നുയെന്നത് അവരെ മാത്രമല്ല അവര്‍ വഹിക്കുന്ന പദവിയേയും കളങ്കപ്പെടുത്തുന്നു. അതോടൊപ്പം അവര്‍ പ്രവര്‍ത്തിക്കുന്ന മേഖലയെയും കളങ്കപ്പെടുത്തുന്നും ഓര്‍ക്കുക.

Teachers and the Teaching Profession: Falling Prey to Drug Addiction

Share Email
Top