പ്രധാനമന്ത്രിക്കെതിരെ ടി.എൻ പ്രതാപൻ സുപ്രീം കോടതിയിൽ; ദൂരദർശൻ പ്രസംഗം ചട്ടലംഘനമെന്നും നടപടി വേണമെന്നും ഹർജി

പ്രധാനമന്ത്രിക്കെതിരെ ടി.എൻ പ്രതാപൻ സുപ്രീം കോടതിയിൽ; ദൂരദർശൻ പ്രസംഗം ചട്ടലംഘനമെന്നും നടപടി വേണമെന്നും ഹർജി

അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദൂരദർശനിലൂടെ നടത്തിയ പ്രസംഗം ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് ടി.എൻ പ്രതാപൻ സുപ്രീം കോടതിയെ സമീപിച്ചു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് രാഷ്ട്രീയ പ്രചാരണം നടത്തിയ പ്രധാനമന്ത്രിക്കെതിരെ നടപടി വേണമെന്നാണ് ഹർജിയിലെ ആവശ്യം. തിരഞ്ഞെടുപ്പ് കമ്മീഷൻ പരാതികളിൽ നടപടിയെടുക്കാത്തതിനെത്തുടർന്നാണ് ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം റിട്ട് ഹർജി സമർപ്പിച്ചത്.

വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിന് പിന്നാലെ ഏപ്രിൽ 18-ന് നടത്തിയ പ്രസംഗത്തിൽ കോൺഗ്രസ്, ടി.എം.സി, ഡി.എം.കെ തുടങ്ങിയ പ്രതിപക്ഷ പാർട്ടികളെ പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചിരുന്നു. സർക്കാർ സംവിധാനങ്ങളും പൊതുപണവും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. സംഭവത്തിൽ പ്രധാനമന്ത്രിക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കാൻ കമ്മീഷന് നിർദ്ദേശം നൽകണമെന്നും പ്രതാപൻ ആവശ്യപ്പെട്ടു.

ജനാധിപത്യം ഉറപ്പുനൽകുന്ന തുല്യമായ അവസരങ്ങൾ ഭരണകൂടം അട്ടിമറിക്കുന്നുവെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. അഡ്വക്കേറ്റുമാരായ സുവിദത്ത് സുന്ദരം, രഖേഷ് ശർമ്മ എന്നിവർ മുഖേനയാണ് ഹർജി ഫയൽ ചെയ്തത്. ദൂരദർശൻ പോലുള്ള സർക്കാർ മാധ്യമങ്ങൾ തിരഞ്ഞെടുപ്പ് വേളയിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെയും പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന നിയമം ലംഘിക്കപ്പെട്ടതായും ടി.എൻ പ്രതാപൻ വ്യക്തമാക്കി.

Share Email
LATEST
More Articles
Top