തൃശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിൽ വേദനയേറുന്നു, ഒരാൾക്ക് കൂടി ജീവൻ നഷ്ടം, മരണസംഖ്യ 14 ആയി; പടക്കനിർമ്മാണശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ

തൃശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിൽ വേദനയേറുന്നു, ഒരാൾക്ക് കൂടി ജീവൻ നഷ്ടം, മരണസംഖ്യ 14 ആയി; പടക്കനിർമ്മാണശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ

തൃശൂർ മുണ്ടത്തിക്കോട്ടെ വെടിക്കെട്ടുപുരയിലുണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ പതിനാലായി ഉയർന്നു. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി പ്രവീൺ ആണ് അവസാനമായി മരണപ്പെട്ടത്. അപകടസമയത്ത് 36 പേരാണ് സംഭവസ്ഥലത്തുണ്ടായിരുന്നതെന്ന് ജില്ലാ കളക്ടർ സ്ഥിരീകരിച്ചു. നിലവിൽ 13 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ അഞ്ചുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. അപകട സമയത്ത് സ്ഥലത്തുണ്ടായിരുന്ന നാലുപേരെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലാത്തതിനാൽ ഇവർക്കായി തിരച്ചിൽ ഊർജിതമാക്കി.

സ്ഫോടനം നടന്ന സ്ഥലത്ത് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തി. കനത്ത ചൂട് മൂലമാണ് സ്ഫോടനമുണ്ടായതെന്ന പ്രാഥമിക നിഗമനം പെസോ തള്ളി. ഷോർട്ട് സർക്യൂട്ട് സാധ്യതയിലേക്കാണ് അന്വേഷണം നീങ്ങുന്നത്. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ പരിശോധനാ ഫലം വന്നാലുടൻ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകും. തൃശൂർ പൂരത്തിന് മുന്നോടിയായി സാമ്പിൾ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടി കരുതിയിരുന്ന വൻതോതിലുള്ള കരിമരുന്നാണ് അപകടസമയത്ത് വെടിക്കെട്ടുപുരയിലുണ്ടായിരുന്നത്.

അപകടത്തിന്റെ പശ്ചാത്തലത്തിൽ പടക്കനിർമ്മാണ ശാലകൾക്കെതിരെ കർശന നടപടി സർക്കാർ ആരംഭിച്ചു. പാറമേക്കാവ് ദേവസ്വത്തിനായി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന പാലക്കാട് മുതലമടയിലെ പടക്കനിർമ്മാണശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകി. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ചിറ്റൂർ തഹസിൽദാർ പടക്കനിർമ്മാണശാല സീൽ ചെയ്തു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി തൊഴിലാളികളെ മാറ്റിയ ശേഷം ഇവിടേക്കുള്ള പ്രവേശനവും താൽക്കാലികമായി നിരോധിച്ചിട്ടുണ്ട്.

Share Email
LATEST
Top