തൃശ്ശൂരിലെ വെടിക്കെട്ട് പുരയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു.
മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയുമായി സംസാരിച്ചു.
പൊള്ളലേറ്റവർക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ ആവശ്യമെങ്കിൽ സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്തും.
രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നു. ഇത് മോണിറ്റർ ചെയ്യാൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.
പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ , ആരോഗ്യവകുപ്പുകളുടെ എല്ലാ സംവിധാനങ്ങളെയും റവന്യു, ദുരന്തനിവാരണ വകുപ്പുകളെയും ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്.മരണമടഞ്ഞവരുടെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.
6 തൊഴിലാളികൾ കൊല്ലപ്പെട്ടു
തൃശൂർ പൂരത്തിനായി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്ന മുണ്ടത്തിക്കോട്ടെ നിർമ്മാണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ 6 തൊഴിലാളികൾ കൊല്ലപ്പെട്ടു. തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ വെടിക്കെട്ട് പുരയ്ക്കാണ് തീപിടിച്ചത്. അഞ്ച് താൽക്കാലിക പുരകളിലേക്കും തീ പടർന്നതോടെ സ്ഫോടന പരമ്പരയുണ്ടാവുകയും പ്രദേശം പൂർണ്ണമായി തകരുകയും ചെയ്തു. നിലവിൽ 15 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.സ്ഫോടനത്തിന്റെ ആഘാതത്തിൽ തൊഴിലാളികൾ ചിതറിത്തെറിച്ചതായും പാടത്തുനിന്ന് ശരീരഭാഗങ്ങൾ കണ്ടെടുത്തതായും റിപ്പോർട്ടുകളുണ്ട്. പുക നിറഞ്ഞതും തുടർച്ചയായുണ്ടാകുന്ന സ്ഫോടനങ്ങളും രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നു. അപകടസമയത്ത് എത്രപേർ ജോലിയിലുണ്ടായിരുന്നു എന്നതിൽ വ്യക്തതയില്ലാത്തതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.











