ഇറാനുമായുള്ള ആണവ കരാറിൽ നിർണായക പുരോഗതി കൈവരിച്ചതായും അന്തിമ ധാരണയിലെത്തിയാൽ പാകിസ്ഥാനിൽ നടക്കുന്ന സമാധാന ചർച്ചകളിൽ താൻ നേരിട്ട് പങ്കെടുക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിന്റെ മധ്യസ്ഥതയിൽ ഇസ്ലാമാബാദിൽ നടന്ന ചർച്ചകൾ ഫലപ്രാപ്തിയിലെത്തുന്നതായാണ് റിപ്പോർട്ടുകൾ. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് മുൻപ് വഴങ്ങാതിരുന്ന പല കർശന വ്യവസ്ഥകളും അംഗീകരിക്കാൻ ഇറാൻ തയ്യാറായതായും ട്രംപ് അവകാശപ്പെട്ടു.
ആണവായുധങ്ങൾ നിർമ്മിക്കാൻ തങ്ങൾക്ക് പദ്ധതിയോ താത്പര്യമോ ഇല്ലെന്ന് ഇറാൻ ചർച്ചകളിൽ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. കരാറിന്റെ ഭാഗമായി ഇറാൻ ശേഖരിച്ചുവെച്ചിട്ടുള്ള യുറേനിയം കൈമാറുന്ന കാര്യത്തിൽ ഏകദേശ ധാരണയായതായാണ് സൂചനകൾ. സമാധാന കരാർ പൂർത്തിയാകുന്നത് വരെ നിലവിലുള്ള താൽക്കാലിക വെടിനിർത്തൽ നീട്ടാൻ തയ്യാറാണെന്ന് ട്രംപ് ഭരണകൂടം അറിയിച്ചു. ഗാസയിലെയും പശ്ചിമേഷ്യയിലെയും സംഘർഷങ്ങൾക്ക് അയവ് വരുത്താൻ ഈ പുതിയ നീക്കങ്ങൾ സഹായിക്കുമെന്ന് യുഎസ് പ്രത്യാശിക്കുന്നു.
ചർച്ചകൾക്ക് നേതൃത്വം നൽകിയ പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറിന്റെ ഇടപെടലുകളെ ട്രംപ് പ്രത്യേകം പ്രശംസിച്ചു. അദ്ദേഹം വളരെ മികച്ച രീതിയിലാണ് ചർച്ചകൾ ഏകോപിപ്പിച്ചതെന്ന് ട്രംപ് പറഞ്ഞു. കരാറിന്റെ കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് കരുതുന്നത്. കരാർ യാഥാർത്ഥ്യമാവുകയും ട്രംപ് പാകിസ്ഥാൻ സന്ദർശിക്കുകയും ചെയ്താൽ അത് മേഖലയിലെ രാഷ്ട്രീയ-തന്ത്രപരമായ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾക്ക് വഴിതുറക്കും.













