കീഴ്‌വഴക്കങ്ങൾ ലംഘിക്കാൻ പ്രസിഡന്റ്, അമേരിക്കൻ സ്പെഷ്യൽ പാസ്‌പോർട്ടിൽ ട്രംപിന്റെ ചിത്രം വരും

കീഴ്‌വഴക്കങ്ങൾ ലംഘിക്കാൻ പ്രസിഡന്റ്, അമേരിക്കൻ സ്പെഷ്യൽ പാസ്‌പോർട്ടിൽ ട്രംപിന്റെ ചിത്രം വരും
Share Email

ദീർഘകാലമായി നിലനിന്നിരുന്ന കീഴ്‌വഴക്കങ്ങൾ ലംഘിച്ചുകൊണ്ട് അമേരിക്കയുടെ പ്രത്യേക എഡിഷൻ പാസ്‌പോർട്ടുകളിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചിത്രം ഉൾപ്പെടുത്താൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് തീരുമാനിച്ചു. ഈ വരുന്ന ജൂലൈയിൽ അമേരിക്കയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രത്യേക പതിപ്പ് പുറത്തിറക്കുന്നത്. വാഷിങ്ടണിൽ നിന്ന് മാത്രം ലഭ്യമാകുന്ന ഈ പാസ്‌പോർട്ടുകൾക്കായി അപേക്ഷകർ അധിക തുക നൽകേണ്ടതില്ലെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ടോമി പിഗോട്ട് വ്യക്തമാക്കി.

പുതിയ ഡിസൈൻ പ്രകാരം പാസ്‌പോർട്ടിലെ സ്വാതന്ത്ര്യ പ്രഖ്യാപന രേഖക്ക് മുകളിൽ ട്രംപിന്റെ ഔദ്യോഗിക ചിത്രവും സ്വർണ്ണ നിറത്തിലുള്ള ഒപ്പും രേഖപ്പെടുത്തിയിരിക്കും. ഇതിന് പുറമെ അമേരിക്കയുടെ സ്ഥാപക പിതാക്കന്മാരുടെ ചരിത്രപരമായ ചിത്രവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാധാരണയായി സാംസ്കാരികമോ ചരിത്രപരമോ ആയ അടയാളങ്ങൾ മാത്രം ഉൾപ്പെടുത്താറുള്ള പാസ്‌പോർട്ടിൽ നിലവിലുള്ള ഒരു ഭരണാധികാരിയുടെ ചിത്രം വരുന്നത് ആധുനിക ജനാധിപത്യ രാജ്യങ്ങളിൽ അസാധാരണമായ നടപടിയായാണ് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ വർഷം വീണ്ടും അധികാരമേറ്റെടുത്തതിന് പിന്നാലെ സർക്കാർ സംവിധാനങ്ങളിൽ സ്വന്തം മുദ്ര പതിപ്പിക്കാനുള്ള ശ്രമങ്ങൾ ട്രംപ് ഊർജിതമാക്കിയിട്ടുണ്ട്. വാഷിങ്ടണിലെ സർക്കാർ കെട്ടിടങ്ങളിൽ ബാനറുകൾ സ്ഥാപിച്ചതിനും കറൻസികളിൽ ഒപ്പ് ഉൾപ്പെടുത്താനുള്ള തീരുമാനത്തിനും പിന്നാലെയാണ് ഇപ്പോൾ പാസ്‌പോർട്ടിലും പരിഷ്കാരം വരുന്നത്. നിലവിലെ പാസ്‌പോർട്ടുകളിൽ സ്റ്റാച്യു ഓഫ് ലിബർട്ടി, ചന്ദ്രനിലിറങ്ങിയ ദൗത്യം തുടങ്ങിയവയാണ് അടയാളപ്പെടുത്തിയിട്ടുള്ളത്. പരിമിതമായ എണ്ണം മാത്രമായിരിക്കും ഈ പ്രത്യേക എഡിഷൻ പുറത്തിറക്കുക.

Share Email
Top