ഒപെക്കില്‍ നിന്നും പടിയിറങ്ങാന്‍ യുഎഇ: അവസാനിപ്പിക്കുന്നത് 59 വര്‍ഷത്തെ അംഗത്വം

ഒപെക്കില്‍ നിന്നും പടിയിറങ്ങാന്‍ യുഎഇ: അവസാനിപ്പിക്കുന്നത് 59 വര്‍ഷത്തെ അംഗത്വം

ദുബായ്: ഇറാന്‍ -അമേരിക്ക സംഘര്‍ഷത്തില്‍ പാക്കിസ്ഥാന്‍ സ്വീകരിച്ച ഇറാന്‍ അനുകൂല നിലപാടിലും സൗദിയുമായി നിലനില്ക്കുന്ന പ്രാദേശീക തര്‍ക്കങ്ങളെയും തുടര്‍ന്ന് യുഎഇ ആഗോള എണ്ണ കൂട്ടായ്മയായ ഒപെക്കില്‍ നിന്നും പിന്‍മാറുന്നു. 59 വര്‍ഷത്തെ ഒപെക് ബന്ധമാണ് ഇതോടെ യുഎഇ വിശ്ചേദിക്കുന്നത്. യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ഈ പിന്‍മാറ്റം സൗദി അറേബ്യ-പാകിസ്ഥാന്‍ സഖ്യത്തിന് കനത്ത പ്രഹരമാണ് സമ്മാനിക്കുക.

ആഗോള എണ്ണ കൂട്ടായ്മയായ ഒപെക്കിലെ ആധിപത്യം സൗദി അറേബ്യയുടെ കൈകളിലാണ്. ഉത്പ്പാദന ക്വാട്ടയും വിലയും നിശ്ചയിക്കുന്നത് സൗദിയുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചാണെന്ന പരാതി യുഎഇയ്ക്കുണ്ട്. ഒപെക് വിടുന്നതോടെ ക്വാട്ട നിയന്ത്രണങ്ങളില്ലാതെ പൂര്‍ണ്ണശേഷിയില്‍ എണ്ണ ഉല്‍പ്പാദിപ്പിക്കാന്‍ യുഎഇയ്ക്ക് സാധിക്കും. ഇത് അന്താരാഷ്ട്ര വിപണിയില്‍ യുഎഇയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കും. നിലവില്‍ ഒപെക്കിന്റെ ആകെ ഉല്‍പ്പാദനത്തിന്റെ ഒന്‍പത് ശതമാനവും യുഎഇയില്‍ നിന്നാണ്.

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഏറ്റവുമധികം പ്രതിസന്ധി നേരിട്ട രാജ്യങ്ങളിലൊന്നാണ് യുഎഇ. ഏപ്രില്‍ എട്ടു വരെയുള്ള കണക്കനുസരിച്ച് 537 ബാലിസ്റ്റിക് മിസൈലുകളും 2,256 ഡ്രോണുകളുമാണ് യുഎഇയുടെ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തത്. ഇറാന്റെ ആക്രമണത്തില്‍ തങ്ങളുടെ എണ്ണ ആസ്തികള്‍ തകര്‍ന്നപ്പോള്‍ കടുത്ത തിരിച്ചടി നല്‍കണമെന്നായിരുന്നു യുഎഇയുടെ നിലപാട്. എന്നാല്‍ ഈ വിഷയത്തില്‍ പാകിസ്ഥാന്‍ മധ്യസ്ഥനായി ചമഞ്ഞ് ഇറാന് അനുകൂലമായ നിലപാട് സ്വീകരിച്ചത് യുഎഇയെ പ്രകോപിപ്പിച്ചു.

യുഎഇ നല്‍കിയ 3.5 ബില്യണ്‍ ഡോളറിന്റെ വായ്പ തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ടതോടെ പാകിസ്ഥാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ഈ ഘട്ടത്തില്‍ സൗദി അറേബ്യ പാകിസ്ഥാന് മൂന്നു ബില്യണ്‍ ഡോളര്‍ നല്‍കി സഹായിച്ചത് യുഎഇയുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കി.കൂടാതെ, 2025 സെപ്റ്റംബറില്‍ സൗദിയും പാകിസ്ഥാനും തമ്മില്‍ ഒപ്പിട്ട പ്രതിരോധ കരാറും യുഎഇയെ പ്രകോപിപ്പിച്ചു.
യമനിലെ ഹൂതി വിമതര്‍ക്കെതിരായ പോരാട്ടത്തില്‍ സൗദിയും യുഎഇയും സഖ്യകക്ഷികളായിരുന്നെങ്കിലും തന്ത്രപരമായ കാര്യങ്ങളില്‍ ഇവര്‍ തമ്മില്‍ ഭിന്നത രൂക്ഷമാണ്. സൗദി രാഷ്ട്രീയ ഒത്തുതീര്‍പ്പിന് ശ്രമിക്കുമ്പോള്‍ യുഎഇ കടുത്ത സൈനിക നടപടിക്കാണ് ഊന്നല്‍ നല്‍കുന്നത്.സുഡാനിലെ ആഭ്യന്തര യുദ്ധത്തിലും ഇരുരാജ്യങ്ങളും വ്യത്യസ്ത വിഭാഗങ്ങളെയാണ് പിന്തുണയ്ക്കുന്നത്. ചെങ്കടല്‍ തുറമുഖങ്ങളുടെ നിയന്ത്രണവും വിഭവങ്ങള്‍ക്കുമേലുള്ള സ്വാധീനവും ഈ രാജ്യങ്ങള്‍ തമ്മിലുള്ള മത്സരമായി മാറിയിരിക്കുകയാണ്.

UAE to quit OPEC: Ending 59-year membership

Share Email
LATEST excelnclexrn
More Articles
Top