swayamvara
pulimoottil

ബോയിംഗ് വിമാനത്തിന്റെ എന്‍ജിന്റെ  ഫാന്‍ ബ്ലേഡ് അടിച്ച്  ജനല്‍ തകര്‍ന്നു: യാത്രക്കാരന്റെ തല പുറത്തേക്ക് വലിച്ചിഴച്ചു

ബോയിംഗ് വിമാനത്തിന്റെ എന്‍ജിന്റെ  ഫാന്‍ ബ്ലേഡ് അടിച്ച്  ജനല്‍ തകര്‍ന്നു: യാത്രക്കാരന്റെ തല പുറത്തേക്ക് വലിച്ചിഴച്ചു

തെസലോണിക്കി: ഗ്രീസിലെ തെസലോ ണിക്കിയില്‍ നിന്ന്  പറന്നുയര്‍ന്ന റയനെയര്‍ വിമാനത്തിന്റെ എന്‍ജിന്റെ  ഫാന്‍ ബ്ലേഡ്  അടര്‍ന്നു തെറിച്ചുവീണ്  ജനല്‍ തകര്‍ന്നു. ഈ  ദ്വാരത്തിലൂടെ യാത്രക്കാരന്റെ തല പുറത്തേക്ക് വലിച്ചിഴയ്ക്കപ്പെട്ട സംഭവത്തില്‍ 61കാരന് കഴുത്തിനും തോളിനും പരുക്കേറ്റു. ജൂലൈ 10ന് ഗ്രീസിലെ തെസലോണിക്കിയില്‍നിന്ന് പുറപ്പെട്ട ബോയിംഗ്  737-800 വിമാനത്തിലാണ് സംഭവം. യുഎസ് നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് (NTSB) പുറത്തുവിട്ട പ്രാഥമിക റിപ്പോര്‍ട്ടിലാണ് വിവരങ്ങള്‍.

വിമാനത്തിന്റെ വലതുവശത്തെ എന്‍ജിനിലെ ഫാന്‍ ബ്ലേഡ് പൊട്ടിത്തെറിച്ചതാണ് സംഭവത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍ജിനില്‍നിന്ന് തെറിച്ച ലോഹഭാഗങ്ങള്‍ വിമാനത്തിന്റെ ജനല്‍ തകര്‍ക്കുകയും ഫ്യൂസലേജിന്റെ വിവിധ ഭാഗങ്ങളില്‍ കേടുപാടുകള്‍ വരുത്തുകയും ചെയ്തു. എന്‍ജിനുള്ളില്‍ പക്ഷികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെ പറന്നുയരുന്നതിനിടെ വിമാനം പക്ഷികളുമായി കൂട്ടിയിടിച്ചിരിക്കാമെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഫാന്‍ ബ്ലേഡ് തകരാനുള്ള കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.

സംഭവസമയത്ത് വിമാനത്തില്‍ വലിയ തോതിലുള്ളകുലുക്കവും ശബ്ദവും അനുഭവപ്പെട്ടതായി ജീവനക്കാര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ക്യാബിനില്‍ പുകയും മൂടല്‍മഞ്ഞിന് സമാനമായ അന്തരീക്ഷവും രൂപപ്പെട്ടതിനെ തുടര്‍ന്ന് ഓക്‌സിജന്‍ മാസ്‌കുകള്‍ താഴേക്ക് വീണു. ജനലിനരികില്‍ ഇരുന്ന 61കാരന്റെ തല തകര്‍ന്ന ഭാഗത്തിലൂടെ പുറത്തേക്ക് കുടുങ്ങിയപ്പോള്‍ സഹയാത്രികര്‍ ചേര്‍ന്ന് അദ്ദേഹത്തെ വിമാനത്തിനുള്ളിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു സീറ്റിലേക്ക് മാറ്റിയ യാത്രക്കാരന് വിമാനത്തിലുണ്ടായിരുന്ന ഡോക്ടര്‍ പ്രാഥമിക ചികിത്സ നല്‍കി.

സംഭവത്തിന് മുമ്പ് അതേ എന്‍ജിനില്‍ നാല് തവണ പക്ഷിയിടിച്ചതായി വിമാന ജീവനക്കാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2025 നവംബറിലും 2026 മേയിലും എന്‍ജിനിലെ ഫാന്‍ ബ്ലേഡുകള്‍ അള്‍ട്രാസോണിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നെങ്കിലും തകരാര്‍ കണ്ടെത്തിയിരുന്നില്ല. അതേസമയം, മുന്‍കാല പക്ഷിയിടികള്‍ മൂലം എന്‍ജിനില്‍ നേരത്തെ തന്നെ കേടുപാടുകള്‍ ഉണ്ടായിരുന്നോയെന്നും പരിശോധനകള്‍ കൃത്യമായി നടന്നോയെന്നും അന്വേഷണ സംഘം പരിശോധിക്കും. വിമാനത്തിലെ ആവശ്യമായ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി നടത്തിയതായി പ്രാഥമികമായി വ്യക്തമാകുന്നുണ്ടെങ്കിലും കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ജെഫ് ഗുസെറ്റി പറഞ്ഞു.

സംഭവത്തിന് പിന്നാലെ വിമാനസുരക്ഷാ മാനദണ്ഡങ്ങള്‍ കൂടുതല്‍ ശക്തമാക്കേ ണ്ടതുണ്ടോയെന്ന ചര്‍ച്ചയും ഉയര്‍ന്നിട്ടുണ്ട്. 2018ല്‍ സൗത്ത്വെസ്റ്റ് എയര്‍ലൈന്‍സ് വിമാനത്തില്‍ ഫാന്‍ ബ്ലേഡ് തകരുകയും എന്‍ജിന്റെ ഭാഗങ്ങള്‍ പുറത്തേക്ക് തെറിച്ച് ജനല്‍ തകര്‍ക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഒരു യാത്രക്കാരന്‍ മരിച്ചിരുന്നു. ഇതിനു പിന്നാലെ 2025 ഏപ്രിലില്‍ പ്രാബല്യത്തില്‍ വന്നഎപ്എഎ  നിര്‍ദേശങ്ങള്‍ പ്രകാരം ബോയിങ് 737 വിമാനങ്ങളിലെ എന്‍ജിന്‍ കവറിങ്ങില്‍ മാറ്റങ്ങള്‍ വരുത്താനും ചില ഭാഗങ്ങള്‍ മാറ്റിസ്ഥാപിക്കാനും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ റയനെയര്‍ വിമാനത്തില്‍ ഈ പരിഷ്‌കരണങ്ങള്‍ ഇതുവരെ പൂര്‍ത്തിയാക്കിയിരുന്നില്ല. 2028 ജൂലൈയ്ക്കകം മാറ്റങ്ങള്‍ പൂര്‍ത്തിയാക്കാനാണ് നിലവിലെ സമയപരിധി. പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഈ സമയപരിധി മുന്നോട്ടാക്കേണ്ടതുണ്ടോയെന്ന് പരിശോധിക്കാനിടയുണ്ട്. വിമാനം പിന്നീട് സാധാരണ നിലയില്‍ തെസലോണിക്കിയില്‍ തിരിച്ചിറക്കി; യാത്രക്കാരെല്ലാം സുരക്ഷിതമായി ടെര്‍മിനലിലേക്ക് മടങ്ങി.

Window shattered by Boeing aircraft engine fan blade; passenger’s head dragged outwards.

Share Email
LATEST excelnclexrn
Top