swayamvara
pulimoottil

ചൈനയുടെ തീരുവ വെട്ടിപ്പ്: ഇന്ത്യയടക്കം 40 രാജ്യങ്ങള്‍ക്കെതിരെ യുഎസ്

ചൈനയുടെ തീരുവ വെട്ടിപ്പ്: ഇന്ത്യയടക്കം 40 രാജ്യങ്ങള്‍ക്കെതിരെ യുഎസ്

ന്യൂഡല്‍ഹി: ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള യുഎസ് തീരുവ വെട്ടിപ്പിന് സഹായിക്കുന്ന ‘ഷാഡോ ട്രാന്‍സ്ഷിപ്പ്മെന്റ് നെറ്റ്വര്‍ക്ക്’ പ്രവര്‍ത്തിക്കുന്നതായി ആരോപിച്ച് ഇന്ത്യയടക്കം 40 ലേറെ രാജ്യങ്ങളെ യുഎസ് പട്ടികപ്പെടുത്തി. ട്രംപ് ഭരണകൂടത്തിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ പുറത്തിറക്കിയ ‘ദ ഗ്രേറ്റ് ട്രാന്‍സ്ഷിപ്പ്മെന്റ് സ്‌കാം’ റിപ്പോര്‍ട്ടിലാണ് ആരോപണം. ഇന്ത്യ, കാനഡ, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, മെക്‌സിക്കോ, തായ്വാന്‍ തുടങ്ങിയ പ്രധാന വ്യാപാര പങ്കാളികളും പട്ടികയിലുണ്ട്.

ചൈനയില്‍നിന്നുള്ള ഉല്‍പന്നങ്ങള്‍  കുറഞ്ഞ തീരുവയുള്ള മൂന്നാം രാജ്യങ്ങളിലേക്ക് എത്തിച്ച് ചെറിയ തോതില്‍ സംസ്‌കരണം നടത്തുകയോ ലേബല്‍, പാക്കേജിംഗ് , ഇന്‍വോയ്‌സ് എന്നിവ മാറ്റുകയോ ചെയ്ത ശേഷം പുതിയ രാജ്യത്തിന്റെ ഉല്‍പ്പന്നമെന്ന രീതിയില്‍ യുഎസ് വിപണിയില്‍ എത്തിക്കുന്നതാണ് ട്രാന്‍സ്ഷിപ്പ്മെന്റ് എന്നാണ് യുഎസ് ആരോപണം. 2018ല്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ട്രംപ് ഭരണകൂടം സെക്ഷന്‍ 301 പ്രകാരം തീരുവ ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഇത്തരം രീതികള്‍ വര്‍ധിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.

ഇന്ത്യയെ ‘ഡൈവേഴ്‌സിഫൈഡ് സ്‌കെയില്‍ ലീഡേഴ്‌സ്’ എന്ന ടയര്‍-1 വിഭാഗത്തിലാണ് റിപ്പോര്‍ട്ട് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചൈനയുമായി ബന്ധപ്പെട്ട വിതരണ ശൃംഖലകളുമായി വലിയ വ്യവസായ സമ്പദ്വ്യവസ്ഥകള്‍ക്ക് ബന്ധമുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ വിഭാഗീകരണം. ഇന്ത്യയിലെ പൂനെഗുജറാത്ത്‌ചെന്നൈ വ്യവസായ മേഖലയില്‍നിന്നുള്ള പമ്പുകളും കംപ്രസറുകളും യുഎസ് വ്യവസായ മേഖലയിലെ ഉല്‍പ്പാദനത്തെ ബാധിക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

തീരുവ വെട്ടിപ്പ് കണ്ടെത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള ‘ഡിറ്റക്ടീവ് ബോര്‍ഡര്‍’ സംവിധാനം യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷനുമായി ചേര്‍ന്ന് നടപ്പാക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. ചരക്കുകളുടെ ഗതാഗതപാത, ഷിപ്പിങ് വിവരങ്ങള്‍, ഉല്‍പ്പന്നത്തിന്റെ ഉത്ഭവം തുടങ്ങിയ വിവരങ്ങള്‍ പരിശോധിച്ച് സംശയാസ്പദമായ കയറ്റുമതികള്‍ കണ്ടെത്തുകയാണ് ലക്ഷ്യം. ഇത്തരം ഇടപാടുകള്‍ മൂലം യുഎസിന് പ്രതിവര്‍ഷം 19 ബില്യണ്‍ മുതല്‍ 26 ബില്യണ്‍ ഡോളര്‍ വരെ തീരുവ വരുമാനം നഷ്ടപ്പെടുന്നതായും വൈറ്റ് ഹൗസ് റിപ്പോര്‍ട്ട് പറയുന്നു.

US Names India Among 40 Hubs Of China’s Tariff Evasion

Share Email
LATEST excelnclexrn
More Articles
Top