വാഷിംഗ്ടണ്‍: ഇറാനുമായുള്ള യുദ്ധത്തില്‍ അമേരിക്കയെ പിന്തുണച്ച നാറ്റോ രാജ്യങ്ങളെ സഹായിക്കാനും വിട്ടുനിന്നവരെ ഒറ്റപ്പെടുത്താനുമായുള്ള നീക്കങ്ങളുമായി അമേരിക്ക. ഇതിന്റെ ഭാഗമായി നാറ്റോ സഖ്യകക്ഷികളെ ‘നല്ലവരെന്നും’ ‘മോശക്കാരെന്നും’ തരംതിരിച്ചുകൊണ്ടുള്ള പട്ടിക ട്രംപ് തയാറാക്കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. സഖ്യകക്ഷികള്‍ നല്‍കുന്ന പ്രതിരോധ സംഭാവനകളും യുദ്ധത്തിലെ നിലപാടും അടിസ്ഥാനമാക്കിയാണ് ഈ നീക്കം.
നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ വാഷിംഗ്ടണ്‍ സന്ദര്‍ശിക്കുന്നതിന് മുന്നോടിയായാണ് ഇത്തരമൊരു പട്ടിക തയ്യാറാക്കിയതെന്ന് ‘പൊളിറ്റിക്കോ’ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഡിസംബറില്‍ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് മുന്നോട്ടുവെച്ച ആശയത്തിന്റെ തുടര്‍ച്ചയായാണ് ഈ പട്ടികയെ കാണുന്നത്. മാതൃകാപരമായ സഖ്യകക്ഷികള്‍ക്ക് അമേരിക്കയില്‍ നിന്ന് പ്രത്യേക പരിഗണന ലഭിക്കുമെന്നും അല്ലാത്തവര്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു
പട്ടികയില്‍ മോശം വിലയിരുത്തല്‍ ലഭിക്കുന്ന രാജ്യങ്ങളിലുള്ള യുഎസ് സൈനികരെ പിന്‍വലിക്കുകയോ അമേരിക്കന്‍ പ്രതിരോധ സാങ്കേതികവിദ്യ കൈമാറുന്നത് തടയുകയോ ചെയ്‌തേക്കാം. എന്നാല്‍ ഇത്തരം നീക്കങ്ങള്‍ സഖ്യകക്ഷികളെക്കാള്‍ കൂടുതല്‍ ദോഷം ചെയ്യുന്നത് അമേരിക്കയ്ക്ക് തന്നെയാകുമെന്ന് യൂറോപ്യന്‍ നയതന്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. സൈനികരെ മാറ്റുന്നത് പോലുള്ള തീരുമാനങ്ങള്‍ അമേരിക്കയുടെ തന്ത്രപരമായ നീക്കങ്ങളെയാകും ബാധിക്കുക.വൈറ്റ് ഹൗസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പോളണ്ട്, റൊമാനിയ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ട്രംപിന്റെ പട്ടികയില്‍ മികച്ച സ്ഥാനം ലഭിക്കാനാണ് സാധ്യത. നാറ്റോയില്‍ ഏറ്റവും കൂടുതല്‍ പ്രതിരോധ വിഹിതം നല്‍കുന്ന രാജ്യമാണ് പോളണ്ട്. ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട സൈനിക നീക്കങ്ങള്‍ക്കായി അമേരിക്കയ്ക്ക് താവളങ്ങള്‍ വിട്ടുനല്‍കിയ രാജ്യമാണ് റൊമാനിയ.
അതേസമയം ഭൂരിഭാഗം നാറ്റോ രാജ്യങ്ങളും ഗള്‍ഫ് മേഖലയിലെ സംഘര്‍ഷത്തില്‍ ചേരാന്‍ വിസമ്മതിച്ചത് ട്രംപിനെ പ്രകോപിപ്പിച്ചു. ഹോര്‍മുസ് ഇടുക്ക് തുറക്കാന്‍ നാറ്റോ പിന്നീട് സഹായം വാഗ്ദാനം ചെയ്‌തെങ്കിലും അത് തനിക്ക് ആവശ്യമില്ലെന്ന് ട്രംപ് ആരിസോണയില്‍ നടന്ന ചടങ്ങില്‍ പറഞ്ഞു. ‘രണ്ട് മാസം മുമ്പ് എനിക്ക് നിങ്ങളുടെ സഹായം ആവശ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് വേണ്ട. ആവശ്യമുള്ളപ്പോള്‍ നിങ്ങള്‍ ഒന്നിനും കൊള്ളാത്തവരായിരുന്നു,’ ട്രംപ് പറഞ്ഞു. അമേരിക്കയ്ക്ക് ആരെയും ആവശ്യമില്ലെന്നും മറ്റുള്ളവര്‍ക്കാണ് അമേരിക്കയെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
US to categorize those who support and those who abstain from war with Iran















