വനിതാ സംവരണ നിയമം വേഗത്തിൽ നടപ്പിലാക്കുന്നതിനായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന 131-ാം ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിച്ച ബില്ലിന് പാസാകാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ് നടപടി. ഭരണപക്ഷത്തിന് ആവശ്യമായ 360 എംപിമാരുടെ പിന്തുണ ഉറപ്പാക്കാൻ കഴിയാതിരുന്നതാണ് ബില്ലിന്റെ പരാജയത്തിന് പ്രധാന കാരണമായത്. വോട്ടെടുപ്പ് വേളയിൽ പ്രതിപക്ഷം ബില്ലിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും ഡിവിഷൻ ആവശ്യപ്പെടുകയും ചെയ്തു. ലോക്‌സഭാംഗങ്ങളില്‍ 489 പേര്‍ വോട്ടു ചെയ്തതില്‍ 278 അംഗങ്ങള്‍ ബില്ലിനെ പിന്തുണച്ചു. ബില്ലിനെ എതിര്‍ത്ത് 211 അംഗങ്ങളാണ് വോട്ടു ചെയ്തത്. നിശ്ചിത ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ ബില്‍ പാസായില്ല.
ലോക്സഭാ സീറ്റുകളുടെ എണ്ണം 543-ൽ നിന്ന് 850 ആയി ഉയർത്താനും, 2011-ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡലപുനർനിർണ്ണയം നടത്തി 2029-ലെ പൊതുതിരഞ്ഞെടുപ്പിൽ തന്നെ സംവരണം നടപ്പിലാക്കാനുമാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, പുതിയ മണ്ഡലപുനർനിർണ്ണയവും സീറ്റ് വർധനവും ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകുമെന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാകുമെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷ കക്ഷികൾ ബില്ലിനെ എതിർത്തു. മണ്ഡലപുനർനിർണ്ണയവും വനിതാ സംവരണവും തമ്മിൽ ബന്ധിപ്പിക്കുന്നതിനെതിരെ കടുത്ത പ്രതിഷേധമാണ് സഭയിൽ ഉയർന്നത്.
ബിൽ പരാജയപ്പെട്ടത് കേന്ദ്ര സർക്കാരിന് വലിയ രാഷ്ട്രീയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. വനിതാ സംവരണം നടപ്പിലാക്കുന്നതിൽ കാലതാമസം വരുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. അതേസമയം, ചരിത്രപരമായ ഒരു നീക്കത്തെ പ്രതിപക്ഷം തടസ്സപ്പെടുത്തിയെന്ന് ബിജെപി കുറ്റപ്പെടുത്തി. ഇതോടെ 2029-ലെ തിരഞ്ഞെടുപ്പിൽ വനിതാ സംവരണം യാഥാർത്ഥ്യമാകുമോ എന്ന കാര്യത്തിൽ വീണ്ടും അനിശ്ചിതത്വം ഉടലെടുത്തിരിക്കുകയാണ്.











