തിരുവനന്തപുരം: ആഭ്യന്തരം വിജിലൻസ് ഉൾപ്പെടെയുള്ള സുപ്രധാന വകുപ്പുകൾ നൽകി രമേശ് ചെന്നിത്തലയെ മ ന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്ന് റിപ്പോർട്ട്.
മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കാത്തതിൽ പ്രതിഷേധസൂചകമായി പാര്‍ട്ടി യോഗങ്ങളില്‍ നിന്ന് വിട്ടുനിന്ന ചെന്നിത്തലയെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി, അദ്ദേഹത്തെ ഉയര്‍ന്ന വകുപ്പുകള്‍ നല്‍കി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കമാന്‍ഡ് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് നിര്‍ദ്ദേശം നല്‍കി.
യുഡിഎഫ് സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. 21 അംഗ മന്ത്രിസഭയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 11 മന്ത്രിമാരായിരിക്കും കോണ്‍ഗ്രസിനുണ്ടാകുക. ഇതില്‍ ഒരാളായി വരുന്ന ചെന്നിത്തലയ്ക്ക് സുപ്രധാന വകുപ്പ് തന്നെ നല്‍കണമെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. ചെന്നിത്തലയുടെ സീനിയോറിറ്റി പരിഗണിക്കുമ്പോള്‍ അദ്ദേഹം ഈ പദവിക്ക് പൂര്‍ണ്ണമായും യോഗ്യനാണെന്ന് ഹൈക്കമാന്‍ഡ് സതീശനെ ബോധ്യപ്പെടുത്തുകയായിരുന്നു. കൂടാതെ, മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു ചെന്നിത്തലയെന്ന കാര്യവും ഹൈക്കമാന്‍ഡ് നിയുക്ത മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിച്ചു. ചെന്നിത്തല ഈ ഓഫര്‍ സ്വീകരിച്ചേക്കുമെന്നാണ് സൂചന.
നേരത്തെ, ചെന്നിത്തലയുടെ വസതി സന്ദര്‍ശിച്ച് സതീശന്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിസഭയില്‍ ചേരുന്ന കാര്യത്തില്‍ രമേശ് ചെന്നിത്തല സമ്മതംമൂളിയത്. എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുകയും ടീമില്‍ ചേരേണ്ടതിന്റെ ആവശ്യകത ചെന്നിത്തലയെ ബോധ്യപ്പെടുത്തി ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
Chennithala may join the cabinet: Indications that the persuasion move has been successful















