ഹോർമുസ് കടലിടുക്ക് വഴി കൂടുതൽ കപ്പലുകൾക്ക് യാത്രാനുമതി നൽകി ഇറാൻ; കഴിഞ്ഞ 24 മണിക്കൂറിനിടെ കടന്നുപോയത് 24 കപ്പലുകൾ

ഹോർമുസ് കടലിടുക്ക് വഴി കൂടുതൽ കപ്പലുകൾക്ക് യാത്രാനുമതി നൽകി ഇറാൻ; കഴിഞ്ഞ 24 മണിക്കൂറിനിടെ കടന്നുപോയത് 24 കപ്പലുകൾ

ടെഹ്‌റാൻ: അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 24 കപ്പലുകൾ തങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിലും ഏകോപനത്തിലും കടന്നുപോയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അറിയിച്ചു. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഫാർസ്’ ആണ് ഐ.ആർ.ജി.സി നേവിയുടെ പ്രസ്താവന ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ജലപാതയിലെ അമിതമായ തിരക്ക് ഒഴിവാക്കുന്നതിനായി നിശ്ചിത റൂട്ടുകളിലൂടെ ദിവസേന പരിമിതമായ എണ്ണം കപ്പലുകളെ മാത്രമാണ് നിലവിൽ കടന്നുപോകാൻ അനുവദിക്കുന്നതെന്ന് ഐ.ആർ.ജി.സി നേവി പ്രസ്താവനയിൽ വ്യക്തമാക്കി. ഇതിന് തൊട്ടുമുമ്പുള്ള ദിവസം 26 വാണിജ്യ കപ്പലുകൾ ഇത്തരത്തിൽ ഹോർമുസ് കടലിടുക്ക് മുറിച്ചുകടന്നതായും അവർ വെളിപ്പെടുത്തിയിരുന്നു.

അമേരിക്കയുമായുള്ള യുദ്ധത്തെത്തുടർന്ന് മാസങ്ങളായി അടച്ചിട്ടിരിക്കുന്ന ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറക്കുന്നതിനായി ഇരുരാജ്യങ്ങളും തമ്മിൽ താൽക്കാലിക വെടിനിർത്തൽ ചർച്ചകൾ നടക്കുകയാണ്. ഈ പശ്ചാത്തലത്തിൽ ഇറാൻ തങ്ങളുടെ കർശനമായ നിരീക്ഷണത്തിൽ കപ്പലുകളെ കടത്തിവിടാൻ തുടങ്ങിയത് അന്താരാഷ്ട്ര എണ്ണ വിപണിക്കും ആഗോള ഗതാഗത മേഖലയ്ക്കും നേരിയ ആശ്വാസം നൽകുന്നുണ്ട്. എങ്കിലും തങ്ങളുടെ അനുമതിയില്ലാതെ യാതൊരു നീക്കവും ഈ മേഖലയിൽ അനുവദിക്കില്ലെന്ന ശക്തമായ സന്ദേശമാണ് പരിമിതമായ കപ്പലുകളെ മാത്രം കടത്തിവിടുന്നതിലൂടെ ഇറാൻ നൽകുന്നത്.

Share Email
LATEST excelnclexrn
More Articles
Top