ഗുണ്ടൽപേട്ടിൽ വാഹനാപകടത്തിൽ ഒന്നര വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്ന് മലയാളികൾ മരിച്ചു

ഗുണ്ടൽപേട്ടിൽ  വാഹനാപകടത്തിൽ ഒന്നര വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്ന് മലയാളികൾ മരിച്ചു

കർണാടകയിലെ ഗുണ്ടൽപേട്ടിന് സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒന്നര വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്ന് മലയാളികൾ മരിച്ചു. തിരൂരങ്ങാടി മമ്പുറം മൂക്കമ്മൽ മുസ്തഫയുടെ മകൻ മുനീർ (30), മുനീറിന്റെ ഭാര്യയുടെ മാതാവ് കണ്ണൂർ സ്വദേശിനി മുനീറ (45), മുനീറിന്റെ സഹോദരിയുടെ മകൻ ഒന്നര വയസ്സുകാരനായ ജിദാൻ എന്നിവരാണ് മരിച്ചത്.

അപകടത്തിൽ പരിക്കേറ്റ മറ്റ് നാലുപേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ​കണ്ണൂരിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോയ ഏഴംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്.

ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു.

അപകടത്തിൽ പരിക്കേറ്റ അഞ്ചുപേരിൽ ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരൻ ജിദാന്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റു നാലുപേർ കർണാടകയിലെയും കേരളത്തിലെയും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്

ഊട്ടിയിലെ തണുപ്പ് ആസ്വദിക്കാൻ സന്തോഷത്തോടെ പോയ കുടുംബത്തിന്റെ യാത്ര പാതിവഴിയിൽ ദുരന്തത്തിൽ കലാശിച്ചതിന്റെ ഞെട്ടലിലാണ് നാട്. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് അടക്കമുള്ള നിയമനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Share Email
Top