സാജ് കാവിന്റെഅരികത്തു
ന്യൂ യോര്‍ക്ക് :ഫൊക്കാന സംഘടിപ്പിക്കുന്ന ‘FOKANA Mega Chenda – Panchari Melam Guinness World Record Attempt’ എന്ന മഹത്തായ സാംസ്‌കാരിക ദൗത്യത്തിന്റെ ഓണ്‍ലൈന്‍ മീറ്റിംഗ് മെയ് 11-ന് ആവേശകരമായ പങ്കാളിത്തത്തോടെയും സജീവ ചര്‍ച്ചകളോടെയും നടന്നു.
കേരളത്തിന്റെ അഭിമാനവും പദ്മശ്രീ ജേതാവുമായ മട്ടന്നൂര്‍ ശങ്കരന്‍കുട്ട സന്നിഹിതനായ ഈ മീറ്റിംഗില്‍ വടക്കേ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 37 ചെണ്ട ആശാന്‍മാര്‍ പങ്കെടുത്തു. ചെണ്ടമേളത്തിന്റെ തനിമയും കേരളീയ പാരമ്പര്യത്തിന്റെ ആത്മാവും ഒരു തരി പോലും നഷ്ടപ്പെടാതെ, ഗിന്നസ് ലോക റെക്കോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഈ സംരംഭം എങ്ങനെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താമെന്നതായിരുന്നു പ്രധാന ചര്‍ച്ചാവിഷയം.
പഞ്ചാരിമേളത്തിന്റെ ഘടന, ചെണ്ട സംഘങ്ങളുടെ കോമ്പിനേഷന്‍, വേഷധാരണം, ഏകോപിത പരിശീലനം, സാമ്പിള്‍ വീഡിയോ തയ്യാറാക്കല്‍, വിവിധ പ്രദേശങ്ങളിലായി പരിശീലനം എങ്ങനെ കാര്യക്ഷമമായി വ്യാപിപ്പിക്കാം തുടങ്ങിയ വിഷയങ്ങളില്‍ ആശാന്‍മാര്‍ വിലപ്പെട്ട നിര്‍ദേശങ്ങളും സംശയനിവാരണങ്ങളും പങ്കുവെച്ചു.
2026 ഓഗസ്റ്റ് 6 മുതല്‍ 9 വരെ ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ ഔട്ട്‌ഡോര്‍ വാട്ടര്‍ പാര്‍ക്കായ കല്‍ഹാരി റിസോര്‍ട്ടില്‍ ഫൊക്കാന ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വെന്‍ഷന്‍ അരങ്ങേറുമ്പോള്‍ ഈ ചരിത്ര സംഗമത്തിന് ഓഗസ്റ്റ് 8-ന് വൈകിട്ട് 3 മണിക്ക് ഈ ഗിന്നസ് ലോക റെക്കോര്‍ഡ് ശ്രമം അരങ്ങേറും.
ഈ മഹാസംരംഭം ഒരു റെക്കോര്‍ഡിനായുള്ള പരിശ്രമം മാത്രമല്ല…മലയാളിയുടെ ഹൃദയമിടിപ്പായ ചെണ്ടമേളത്തെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ഫൊക്കാനയുടെ ആത്മാര്‍ഥമായ പരിശ്രമത്തിന്റെ ഭാഗമാണ്.
ചെണ്ടയുടെ ഓരോ നാദവും കേരളത്തിന്റെ മണ്ണിന്റെ ഗന്ധമാണ്. പഞ്ചാരിമേളത്തിന്റെ ഓരോ താളവും, ഓരോ മേളവും തലമുറകളെ ബന്ധിപ്പിക്കുന്ന ഒരു സാംസ്‌കാരിക നാഡിയാണ്.ഒരാളുടെ താളം മറ്റൊരാളുടേതുമായി കൃത്യമായി ചേരുമ്പോഴാണ് പഞ്ചാരിമേളം പൂര്‍ണമാകുന്നത്.അതുപോലെ ലോകമെമ്പാടുമുള്ള മലയാളികള്‍ ഒരുമിക്കുമ്പോഴാണ് ഈ സ്വപ്നവും ചരിത്രമാകുന്നത്.
ഇതുവരെ വിവിധ നഗരങ്ങളില്‍ വേര്‍തിരിഞ്ഞ് പ്രവര്‍ത്തിച്ചിരുന്ന ചെണ്ട കലാകാരന്മാരെ ഒരു വേദിയിലേക്ക് കൂട്ടിച്ചേര്‍ത്ത്, വടക്കേ അമേരിക്കയില്‍ ശക്തമായ ഒരു ”ചെണ്ട നെറ്റ്വര്‍ക്ക്” രൂപപ്പെടുന്നതും ഈ സംരംഭത്തിന്റെ വലിയൊരു നേട്ടമായി മാറുന്നു. അത് ഒരു ഗിന്നസ് റെക്കോര്‍ഡിനേക്കാള്‍ വലിയ ”മലയാളി ഐക്യത്തിന്റെ മേളം” ആകുകയാണ്.
ലോകത്തിലേക്കും ഏറ്റവും വലുതും പുരാതനവുമായ പ്രവാസിസംഘടനയായ ഫൊക്കാനയുടെ ഈ ദൗത്യം വെറും ഒരു പ്രശസ്തിക്കായുള്ള ശ്രമമല്ലെന്ന് പങ്കെടുത്ത കലാകാരന്മാര്‍ വ്യക്തമാക്കുന്നു. മറിച്ച്, മലയാളിയുടെ സമ്പന്നമായ പൈതൃകത്തെയും ചെണ്ടമേളത്തിന്റെ ആത്മീയ-സാംസ്‌കാരിക മഹത്വത്തെയും ലോക വേദിയില്‍ അഭിമാനത്തോടെ ഉയര്‍ത്തിക്കാട്ടാനുള്ള ഒരു കൂട്ടായ പ്രതിജ്ഞയാണ് ഇത്.
ഗിന്നസ് ബുക്കിലേക്ക് നാം നടന്നുഅടുക്കുകയാണ് , പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്കൊപ്പം ചരിത്രത്തിന്റെ ഭാഗമാകാന്‍ ഫോക്കാന ഒരുക്കുന്ന ഈ അപൂര്‍വ്വ അവസരം നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ വിനിയോഗിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ ചെണ്ട കലാകാരന്മാരെയും ആസ്വാദകരെയും ഈ ചരിത്ര മുഹൂര്‍ത്തത്തിന്റെ ഭാഗമാകാന്‍ ക്ഷണിക്കുകയാണ് .മികച്ച ഏകോപനത്തിനും നിലവാരമുള്ള പരിശീലനത്തിനുമായി രൂപീകരിച്ച ടീമിലേക്ക് എല്ലാവരും ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അപേക്ഷിക്കുന്നു .
ഇത് വെറും ഗിന്നസ് റെക്കോര്‍ഡ് ശ്രമമല്ല…ലോകം കേള്‍ക്കുന്ന രീതിയില്‍ മലയാളിയുടെ താളമിടിപ്പിനെ ഒരുമിച്ച് മുഴക്കാനുള്ള മഹായജ്ഞമായണ് ഇതിനെ കാണുന്നത് എന്ന് ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി അഭിപ്രായപ്പെട്ടു.
A rhythm, a melody performed by Fokana, a world record dream of North American Malayalis













