ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ ഗുഹയുടെ വിള്ളലിനുള്ളില്‍ വഴുതി വീണു കുടുങ്ങിയ യുവാവിനെ ന്യൂയോര്‍ക്ക് ഫോറസ്റ്റ് അധികൃതര്‍ അതിസാഹസീകമായി രക്ഷപെടുത്തി. ആറു മണിക്കൂര്‍ കുടുങ്ങിക്കിടന്ന ആളെ ഫോറസ്റ്റ് റേഞ്ചര്‍മാര്‍ രക്ഷപ്പെടുത്തിയതായി ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് എന്‍വയോണ്‍മെന്റല്‍ കണ്‍സര്‍വേഷന്‍ അറിയിച്ചു. ഈ മാസം 17ന് കനാന്‍ പട്ടണത്തിലെ മെര്‍ലിന്റെ ഗുഹയില്‍ സുഹൃത്തുക്കളോടൊപ്പം ട്രെക്കിംഗിന് പോയിരുന്ന ബ്രൂക്ക്‌ലിനില്‍ നിന്നുള്ള ഒരാള്‍ ഗുഹയിലെ ഇടുങ്ങിയ വിള്ളലില്‍ കുടുങ്ങുകയായിരുന്നു.
ഗുഹയുടെ വിള്ളലിനുള്ളില്‍ യുവാവിന്റെ ശരീരത്തിന്റെ കൂടുതല്‍ ഭാഗവും കുടുങ്ങുകയാ യിരുന്നുവെന്നു ഫോറസ്റ്റ് റേഞ്ചര്‍ ലഫ്റ്റനന്റ് ജോണ്‍ ഗല്ലന്‍പറഞ്ഞു. ഗുഹയുടെ പ്രവേശന കവാടത്തില്‍ നിന്ന് 400 അടി അകലെ ആയിരുന്നു ആള്‍ വിള്ളലിലേക്ക് വഴുതി വീണത്. തുടര്‍ന്ന് അദ്ദേഹത്തിന് അനങ്ങാനാകാത്ത അവസ്ഥയിലായതായുംഅധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്തെത്തുമ്പോള്‍ അദ്ദേഹത്തിന്റെ മൂന്ന് സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നുവെന്നും, അവര്‍ സ്വയം പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും എല്ലാവര്‍ക്കും ശരീരോഷ്മാവ് അപകടകരമായി കുറഞ്ഞ ഹൈപ്പോതെര്‍മിയ ബാധിച്ചിരുന്നുവെന്നും ഗല്ലന്‍ പറഞ്ഞു.
ഗുഹയ്ക്കുള്ളില്‍ ചലനമില്ലാതെ ഇരിക്കുമ്പോള്‍ വളരെ വേഗത്തില്‍ ശരീരം തണുത്തുപോകും.. രക്ഷാസംഘം ഒരു റോക്ക് ഡ്രില്‍ ഉപയോഗിച്ച് കുടുങ്ങിക്കിടന്ന ആളുടെ തലയ്ക്കു പിന്നിലെ പാറ ഭാഗങ്ങള്‍ ഏറെ ശ്രദ്ധയോടെ നീക്കം ചെയ്യുകയായിരുന്നു. ഇതിനു ശേഷമാണ് ഇയാളെ പുറത്തെടുത്തത്.
A young man who was trapped in a cave for hours in New York was dramatically rescued















