ന്യൂഡൽഹി: രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടെ, ഇന്ധനവില വീണ്ടും വർദ്ധിപ്പിക്കാൻ ഒരുങ്ങി പൊതുമേഖലാ എണ്ണക്കമ്പനികൾ. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ നാല് തവണയായി പെട്രോൾ, ഡീസൽ വിലയിൽ എട്ട് രൂപയുടെ വർധനവാണ് വരുത്തിയത്. എന്നാൽ വിലവർദ്ധനവ് ഇവിടെക്കൊണ്ടും അവസാനിക്കില്ലെന്നും, ആകെ വർദ്ധന പത്ത് രൂപയിൽ എത്തിക്കും വിധം വരും ദിവസങ്ങളിൽ ഒരു തവണ കൂടി വില ഉയർത്തിയേക്കുമെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പെട്രോൾ-ഡീസൽ വിലയ്ക്ക് പിന്നാലെ രാജ്യത്ത് സിഎൻജി (CNG) വിലയും വീണ്ടും വർദ്ധിപ്പിച്ചു. തലസ്ഥാനമായ ദില്ലിയിൽ സിഎൻജി വില കിലോയ്ക്ക് രണ്ട് രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. ഇതോടെ ദില്ലിയിലെ പുതിയ സിഎൻജി നിരക്ക് കിലോയ്ക്ക് 83.09 രൂപയായി ഉയർന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ സിഎൻജി വിലയിലുണ്ടാകുന്ന നാലാമത്തെ വർദ്ധനവാണിത്. കഴിഞ്ഞ 11 ദിവസത്തിനുള്ളിൽ മാത്രം കിലോയ്ക്ക് ഏഴ് രൂപയാണ് ജനങ്ങൾക്ക് അധികഭാരമായി അടിച്ചേൽപ്പിച്ചത്.
തുടർച്ചയായുണ്ടാകുന്ന ഇന്ധന-സിഎൻജി വിലവർദ്ധനവ് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളംതെറ്റിക്കുകയാണ്. വിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് ഇത് കാരണമാകുമെന്ന ആശങ്കയും ശക്തമാണ്. അന്താരാഷ്ട്ര വിപണിയിലെ അസംസ്കൃത എണ്ണവിലയിലെ വ്യതിയാനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണമെങ്കിലും, സാധാരണക്കാരെ ദുരിതത്തിലാക്കുന്ന കൊള്ളയ്ക്കെതിരെ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷ പാർട്ടികളുടെയും വിവിധ സംഘടനകളുടെയും തീരുമാനം.















