കൊൽക്കത്ത: രാജ്യം ഏറെ ഉറ്റുനോക്കുന്ന പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ എൻഡിഎ മുൻതൂക്കം നേടുന്നു. ആദ്യഘട്ട ഫലസൂചനകൾ പ്രകാരം ബിജെപി 124 സീറ്റിലും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് 110 സീറ്റിലുമാണ് മുന്നേറുന്നത്. കോൺഗ്രസും ഇടതുപക്ഷവും ഓരോ സീറ്റുകളിൽ മുന്നേറുന്നുണ്ട്.
മറ്റ് കക്ഷികളെ അപ്രസക്തരാക്കി ബംഗാളിൽ ബിജെപി തൃണമൂൽ നേരിട്ടുള്ള ഏറ്റുമുട്ടലാണ് നടക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും താരത്തിളക്കമുള്ള മണ്ഡലമായ ഭവാനിപ്പൂരിൽ മുഖ്യമന്ത്രി മമതാ ബാനർജി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്നതാണ് ഏറ്റവും ശ്രദ്ധേയമായ വിവരങ്ങൾ.
മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയാണ് ബിജെപി സ്ഥാനാർഥി. സുവേന്ദു അധികാരിയാണ് ആദ്യഘട്ട ഫലസൂചനകളിൽ മുന്നിൽ നിൽക്കുന്നത്. സംസ്ഥാനത്ത് ബിജെപി കേവല ഭൂരിപക്ഷം നേടുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. 293 സീറ്റുകളുള്ള ബംഗാൾ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 147 സീറ്റുകൾ വേണം. നിലവിൽ 245 സീറ്റുകളിലാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്. സംസ്ഥാനത്ത് ഭരണം പിടിക്കാനായാൽ ദേശീയതലത്തിൽ ബിജെപിക്ക് അത് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. എക്‌സിറ്റ് പോൾ ഫലങ്ങളും സംസ്ഥാനത്ത് ബിജെപിക്ക് മുൻതൂക്കം പ്രവചിച്ചിരുന്നു.
BJP advances in West Bengal assembly election Mamata lags behind













