swayamvara
pulimoottil

നീറ്റ് പരീക്ഷ കുറ്റമറ്റതാക്കാൻ സുപ്രീം കോടതി നിർദേശം; എൻടിഎയിൽ വൻ അഴിച്ചുപണിക്ക് കേന്ദ്രം

നീറ്റ് പരീക്ഷ കുറ്റമറ്റതാക്കാൻ സുപ്രീം കോടതി നിർദേശം; എൻടിഎയിൽ വൻ അഴിച്ചുപണിക്ക് കേന്ദ്രം

ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നീറ്റ്’ (NEET) ഉൾപ്പെടെയുള്ള മത്സരപരീക്ഷകളുടെ നടത്തിപ്പ് കൂടുതൽ സുതാര്യവും കുറ്റമറ്റതുമാക്കുന്നതിനായി ദേശീയ പരീക്ഷാ ഏജൻസിയെ (NTA) ശക്തിപ്പെടുത്തണമെന്ന് സുപ്രീം കോടതി. ഇതിനായി ഉന്നതാധികാര സമിതികൾ മുന്നോട്ടുവെച്ച ശുപാർശകൾ നടപ്പിലാക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നിർദേശം നൽകി. താത്കാലിക സംവിധാനങ്ങൾക്ക് പകരം കൃത്യമായ സുരക്ഷാ പ്രോട്ടോക്കോളുകളും ഘടനാപരമായ മാറ്റങ്ങളും എൻടിഎയിൽ നടപ്പിലാക്കണമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

കോടതി ഇടപെടലിന് പിന്നാലെ ദേശീയ പരീക്ഷാ ഏജൻസിയിൽ വൻ അഴിച്ചുപണി നടത്താൻ കേന്ദ്ര സർക്കാർ തീരുമാനമെടുത്തു. ഇതിന്റെ ഭാഗമായി ചോദ്യാവലി തയ്യാറാക്കുന്ന സംഘത്തിൽ ഉൾപ്പെട്ട 600-ഓളം വിഷയ വിദഗ്ധരെ സ്ഥാനത്തുനിന്ന് മാറ്റി പുതിയ ആളുകളെ നിയമിക്കാൻ നടപടി തുടങ്ങി. അടുത്ത നീറ്റ് പരീക്ഷയ്ക്കായുള്ള വിദഗ്ധരുടെ തിരഞ്ഞെടുപ്പും ചോദ്യാവലി തയ്യാറാക്കലും പുതിയ സുരക്ഷാ പ്രോട്ടോക്കോൾ പ്രകാരമായിരിക്കും നടത്തുക. ചോദ്യപേപ്പറുകൾ നാല് ഘട്ടങ്ങളിലായി സൂക്ഷ്മ പരിശോധന നടത്തുന്ന പുതിയ സംവിധാനവും പ്രാബല്യത്തിൽ വരും.

പരീക്ഷാ നടത്തിപ്പിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി എൻടിഎയുടെ ആസ്ഥാന ഓഫീസും മാറ്റുകയാണ്. നിലവിൽ തെക്കൻ ഡൽഹിയിലെ ഓഖ്ലയിൽ പ്രവർത്തിക്കുന്ന ആസ്ഥാനം സുപ്രീം കോടതിക്ക് സമീപമുള്ള മിന്റോ റോഡിലെ ഗവൺമെന്റ് ഓഫ് ഇന്ത്യ പ്രസ് കെട്ടിടത്തിലേക്ക് മാറ്റും. പുതിയ ഓഫീസിന്റെ സുരക്ഷാ ചുമതല കേന്ദ്ര വ്യവസായ സുരക്ഷാ സേനയ്ക്ക് (CISF) കൈമാറാനും കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

Share Email
LATEST excelnclexrn
Top