കൊല്‍ക്കത്തയില്‍ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പഴ്‌സണല്‍ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു

കൊല്‍ക്കത്തയില്‍ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പഴ്‌സണല്‍ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ പശ്ചിമബംഗാളില്‍ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്‌സനല്‍ അസിസ്റ്റന്റ് (പിഎ) ചന്ദ്രനാഥ് രഥ് വെടിയേറ്റ് മരിച്ചു. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ മധ്യഗ്രാം മണ്ഡലത്തില്‍ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ചന്ദ്രനാഥ് രഥിന് നേരെ അക്രമികള്‍ രണ്ടു തവണ നിറയൊഴിക്കുകയായിരുന്നു.

കാറില്‍ മുന്‍സീറ്റില്‍ ഇരിക്കെയാണ് ചന്ദ്രനാഥ് രഥിന് നേരെ ഇരുചക്രവാഹനങ്ങളിലെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റ രഥിനെ സമീപത്തു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രഥിന്റെ ഡ്രൈവര്‍ക്കും വെടിയേറ്റിട്ടുണ്ട്. ഇയാളെ കൊല്‍ക്കത്തയിലെ ഒരു ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവറുടെ നില ഗുരുതരമായി തുടരുകയാണ്. രഥിന്റെ വയറിലും വെടിയേറ്റതായി ഡോക്ടര്‍മാര്‍ പറഞ്ഞു. അക്രമികള്‍ രഥിന്റെ കാറിന്റെ വിന്‍ഡോയിലൂടെ എതിര്‍വശത്ത് നിന്ന് വെടിവയ്ക്കുകയും ആക്രമണം നടത്തിയ ഉടന്‍ തന്നെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

അക്രമികളെ തിരിച്ചറിയാനും ആക്രമണത്തിന്റെ കാരണം കണ്ടെത്താനുമുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ചന്ദ്രനാഥിന്റെ മരണം തന്റെ ഹൃദയം തകര്‍ത്തുവെന്നും ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്നും സുവേന്ദു അധികാരി മാധ്യമങ്ങളോട് പ്രതികരിച്ചു.ചന്ദ്രനാഥ് രഥിന്റെ കൊലപാതകത്തില്‍ അപലപിച്ചുകൊണ്ട് തൃണമൂള്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്നും എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ തൃണമൂള്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

BJP leader Suvendu Adhikari’s personal assistant shot dead in Kolkata

Share Email
Top