വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈനിക നടപടി രൂക്ഷം: 2025 മുതൽ കൊല്ലപ്പെട്ടത് 70 പലസ്തീൻ കുട്ടികളെന്ന് ഐക്യരാഷ്ട്രസഭ

വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈനിക നടപടി രൂക്ഷം: 2025 മുതൽ കൊല്ലപ്പെട്ടത് 70 പലസ്തീൻ കുട്ടികളെന്ന് ഐക്യരാഷ്ട്രസഭ

ജനീവ: വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈനിക നടപടികളും കുടിയേറ്റക്കാരുടെ ആക്രമണങ്ങളും ശക്തമാകുന്നതിൽ ഐക്യരാഷ്ട്രസഭ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. 2025-ന്റെ തുടക്കം മുതൽ ഇതുവരെ 70 പലസ്തീൻ കുട്ടികളാണ് സംഘർഷങ്ങളിൽ കൊല്ലപ്പെട്ടതെന്ന് യുഎൻ കുട്ടികളുടെ ഏജൻസിയായ യൂണിസെഫ് വെളിപ്പെടുത്തി. കിഴക്കൻ ജറുസലേം ഉൾപ്പെടെയുള്ള വെസ്റ്റ് ബാങ്ക് മേഖലകളിൽ കുട്ടികൾ താങ്ങാനാവാത്ത ദുരിതമാണ് അനുഭവിക്കുന്നതെന്ന് യൂണിസെഫ് വക്താവ് ജെയിംസ് എൽഡർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

2025-ൽ ഇസ്രായേൽ വെസ്റ്റ് ബാങ്കിൽ വൻതോതിലുള്ള സൈനിക നടപടി ആരംഭിച്ചതുമുതൽ ശരാശരി ആഴ്ചയിൽ ഒരു പലസ്തീൻ കുട്ടി വീതം കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതേ കാലയളവിൽ ഏകദേശം 850 കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും ഭൂരിഭാഗം പേർക്കും വെടിയുണ്ടകളേറ്റാണ് അപകടം സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ 20 വർഷത്തിനിടയിൽ ഇസ്രായേൽ കുടിയേറ്റക്കാരുടെ ആക്രമണത്തിൽ ഏറ്റവും കൂടുതൽ പലസ്തീനികൾക്ക് പരിക്കേറ്റത് 2026 മാർച്ചിലാണെന്നും ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാട്ടി.

കുട്ടികളുടെ അതിജീവനത്തിന് ആവശ്യമായ സാഹചര്യങ്ങൾ ഓരോന്നായി തകർക്കപ്പെടുകയാണെന്ന് ജെയിംസ് എൽഡർ കുറ്റപ്പെടുത്തി. വീടുകൾ തകർക്കപ്പെടുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്യുന്നതിനൊപ്പം ജലവിതരണ സംവിധാനങ്ങൾക്കു നേരെയും ആക്രമണങ്ങൾ നടക്കുന്നു. ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിന് തടസ്സങ്ങൾ സൃഷ്ടിക്കുന്നതും ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം പരിമിതപ്പെടുത്തുന്നതും കുട്ടികളുടെ വളർച്ചയെയും സുരക്ഷയെയും ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വംശീയ സംഘർഷങ്ങൾക്കിടയിൽ പിഞ്ചുകുഞ്ഞുങ്ങൾ ബലിയാടാകുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നാണ് ഐക്യരാഷ്ട്രസഭയുടെ ആവശ്യം.

Share Email
LATEST excelnclexrn
Top