അമേരിക്കന്‍ ഉപരോധത്തെ നേരിടാന്‍ ഇറാനു നാലുമാസം വരെ കഴിയുമെന്നു സിഐഎ

അമേരിക്കന്‍ ഉപരോധത്തെ നേരിടാന്‍ ഇറാനു നാലുമാസം വരെ കഴിയുമെന്നു സിഐഎ

വാഷിംഗ്ടണ്‍: അമേരിക്കന്‍ ഉപരോധത്തെ നേരിടാന്‍ ഇറാനു നാലുമാസം വരെ കഴിയുമെന്നു അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‌സിയായ സിഐഎയുടെ റിപ്പോര്‍ട്ട്. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങള്‍ക്കു പിന്നാലെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നത്. ഇറാന്റെ തുറമുഖങ്ങളില്‍ യുഎസ് ഏര്‍പ്പെടുത്തിയ നാവിക ഉപരോധത്തെ മാസങ്ങളോളം പ്രതിരോധിക്കാന്‍ ടെഹ്റാനു കഴിയുമെന്നാണ് സിഐഎ വിലയിരുത്തല്‍. ഇത് ഇറാന് മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള വാഷിംഗ്ടണിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായേക്കും.

ദി വാഷിംഗ്ടണ്‍ പോസ്റ്റ് ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏപ്രില്‍ ഏഴിലെ വെടിനിര്‍ത്തലിന് ശേഷം ഈ ആഴ്ചയാണ് മേഖലയില്‍ ഏറ്റവും ശക്തമായ ഏറ്റുമുട്ടലുകള്‍ നടന്നത്. ഇതിനിടെ, ഇറാനില്‍ നിന്ന് അയച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകളും മൂന്ന് ഡ്രോണുകളും തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തതായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) അറിയിച്ചു. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ വ്യക്തമാക്കി.

യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച യുഎസ് നിര്‍ദ്ദേശത്തിന് ഇറാന്റെ മറുപടിക്കായി വാഷിംഗ്ടണ്‍ കാത്തിരിക്കുകയാണ്. ‘അവരില്‍ നിന്ന് ഇന്ന് മറുപടി ലഭിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ എന്ന് റോമില്‍ വെച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഔദ്യോഗികമായ മറുപടി നല്‍കാതെ ഇറാന്‍ വിദേശകാര്യ മന്ത്രാലയം വിഷയം പരിഗണനയിലാണെന്ന് മാത്രമാണ് അറിയിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍-യുഎസ് സേനകള്‍ തമ്മില്‍ ഏറ്റുമുട്ടലുകള്‍ നടന്നതായി ഇറാന്റെ ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു ഇനിും സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇറാന്റെ തുറമുഖത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച രണ്ട് കപ്പലുകളെ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ ആക്രമിക്കുകയും അവയെ പിന്തിരിപ്പിക്കുകയും ചെയ്തു.

ഫെബ്രുവരി 28-ന് ഇറാനിലുടനീളം യുഎസ്-ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതോടെയാണ് നിലവിലെ സംഘര്‍ഷങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള വിദേശ കപ്പലുകളുടെ സഞ്ചാരത്തിന് ഇറാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. മേഖലയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 101 ഡോളറിന് മുകളിലെത്തി.

CIA says Iran could have up to four months to withstand US sanctions

Share Email
LATEST excelnclexrn
Top