ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ രാജ്യങ്ങളിലെ ഫോട്ടോ ഷൂട്ടിനെ അതിരൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് രംഗത്ത്.ഇറ്റലി സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലോണിക്ക ‘മെലഡി’ മിഠായി കൈമാറുന്ന വീഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് പ്രധാനമന്ത്രിക്കെതിരേ കടുത്ത രാഷ്ട്രീയ ആക്രമണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിത്. പശ്ചിമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്ന് രാജ്യം കടുത്ത ഇന്ധന-വാതക പ്രതിസന്ധിയും പണപ്പെരുപ്പവും നേരിടുമ്പോള്‍, സാധാരണക്കാരുടെ ദുരിതങ്ങള്‍ കാണാതെ പ്രധാനമന്ത്രി വിദേശത്ത് പിആര്‍ പ്രകടനങ്ങളിലും ഫോട്ടോ ഷൂട്ടുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
അന്താരാഷ്ട്ര തലത്തില്‍ രാജ്യം വലിയ സാമ്പത്തിക വെല്ലുവിളികള്‍ നേരിടുന്ന സമയത്ത്, വിദേശത്ത് പോയി വെറുമൊരു മിഠായി വിതരണം ചെയ്ത് വാര്‍ത്തകളില്‍ നിറയാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. രാജ്യത്തെ സാധാരണ പൗരന്മാര്‍ക്ക് മേല്‍ വിലക്കയറ്റത്തിന്റെ ഭാരം വര്‍ദ്ധിച്ചു കൊണ്ടിരിക്കുമ്പോള്‍ പ്രധാനമന്ത്രിക്ക് ‘എം’ എന്നാല്‍ ‘മെഹംഗായ്’ (വിലക്കയറ്റം) എന്നല്ല, മറിച്ച് ‘മെലഡി’ എന്നാണ് അര്‍ത്ഥമെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു.
രാജ്യത്തെ ജനങ്ങള്‍ ദാരിദ്ര്യത്തിലും ദുരിതത്തിലും ജീവിതം തള്ളിനീക്കുകയാണ്. എന്നാല്‍ മോദി ഇറ്റലിയില്‍ പോയി ‘മെലഡി’ വിതരണം ചെയ്യുകയാണ്,’ എന്ന അടിക്കുറിപ്പോടെരയാണ് കോണ്‍ഗ്രസ് ഈ പോസ്റ്റ് പങ്കുവെച്ചത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും എന്നാല്‍ ആഭ്യന്തര പ്രശ്‌നങ്ങളായ വിലക്കയറ്റം, തൊഴിലില്ലായ്മ, ജീവിതച്ചെലവ് എന്നിവ പൂര്‍ണ്ണമായി അവഗണിച്ചുകൊണ്ട് പ്രധാനമന്ത്രി വിദേശത്ത് മിഠായി വിതരണം ചെയ്യുകയാണെന്നും കോണ്‍ഗ്രസ് പുറത്തുവിട്ട വീഡിയോയില്‍ ആരോപിക്കുന്നു.
Congress slams PM: PM is focusing on photoshoot while country is facing fuel crisis and inflation, says Congress















