swayamvara
pulimoottil

ലൂക്കോസ് ജോസഫ് കൂവള്ളൂരിന് കേരളത്തിലെ മികച്ച ജൈവ കര്‍ഷകനുള്ള അവാര്‍ഡ്

ലൂക്കോസ് ജോസഫ് കൂവള്ളൂരിന് കേരളത്തിലെ മികച്ച ജൈവ കര്‍ഷകനുള്ള അവാര്‍ഡ്
Share Email

ന്യൂയോര്‍ക്ക്: അറിയപ്പെടുന്ന അമേരിക്കന്‍ മലയാളി തോമസ് ജെ. കൂവള്ളൂരിന്റെ സഹോദരന്‍ ലൂക്കോസ് ജെ. കൂവള്ളൂരിന് കാര്‍ഷികമേഖലയിലെ മികച്ച സേവനങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍പ്പെട്ട ബൈസണ്‍വാലി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തിയ പൊതുസമ്മേളനത്തില്‍ 2026 ആഗസ്റ്റ് 17ന് ‘ചിങ്ങം ഒന്നാം തീയതി കര്‍ഷകദിനം 2026’ എന്ന കേരള സര്‍ക്കാരിന്റെ പദ്ധതി അനുസരിച്ച് ലഭിക്കുകയുണ്ടായി. കേരളത്തിലെ പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചിങ്ങം ഒന്നാംതീയതി കര്‍ഷകദിനമായി പ്രഖ്യാപിച്ചിരിക്കുന്നത് കേരളത്തിലെ കര്‍ഷകരെ സംബന്ധിച്ചടത്തോളം വലിയൊരു നേട്ടമാണ്.

കര്‍ഷകരുടെ സേവനങ്ങളെയും സംഭാവനകളെയും മാനിച്ച് സര്‍ക്കാര്‍ തലത്തിലും, വിവിധ സംഘടനകളുടെ നേതൃത്വത്തിലും കര്‍ഷകരെ ആദരിക്കുന്നതിനുവേണ്ടി ഇപ്പോഴത്തെ കേരള സര്‍ക്കാര്‍ നടപ്പാക്കിയ ഒന്നാണ് കര്‍ഷകദിനം (ഫാര്‍മേഴ്‌സ് ഡേ).

തോമസ് കൂവള്ളൂരിന്റെ പിതാവ് കെ.റ്റി. ജോസഫ് കൂവള്ളൂര്‍ കേരളത്തിലെ അറിയപ്പെട്ടിരുന്ന ഒരു മാതൃകാകൃഷിക്കാരനും, പട്ടംതാണുപിള്ളയുടെ കാലത്ത് ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കില്‍ ആദ്യമായി കുടിയേറ്റത്തിന് നേതൃത്വം നല്‍കിയ പാലാ മീനച്ചില്‍ താലൂക്കില്‍പ്പെട്ട കടപ്ലാമറ്റം പ്രദേശത്തുനിന്നുമുള്ള ആളുമാണ്. അദ്ദേഹത്തിന്റെ ടീമില്‍ ഉണ്ടായിരുന്ന കടപ്ലാമറ്റംകാരനാണ് പില്‍ക്കാലത്ത് തങ്കമണി പഞ്ചായത്ത് രൂപീകൃതമായപ്പോള്‍ അതിന്റെ ആദ്യകാല പ്രസിഡന്റായിത്തീര്‍ന്ന അടയ്ക്കനാട്ട് പാപ്പച്ചന്‍ ചേട്ടന്‍ എന്ന തോമസ് കൂവള്ളൂരിന്റെ തൊട്ടഅയല്‍വാസി.

കെ.റ്റി. ജോസഫ് കൂവള്ളൂര്‍ തന്റെ ടീമില്‍പ്പെട്ട ഏറ്റവും വിശ്വസ്തനായിരുന്ന ചുണ്ടെലിക്കാട്ട് ജോര്‍ജ്ജ് എന്നയാള്‍ കാടുവെട്ടിത്തെളിച്ചപ്പോള്‍ ഒരു മരക്കൊമ്പ് വീണ് അപായമരണം സംഭവിച്ചതോടെ തന്റെ ദൗത്യം പൂര്‍ത്തിയാക്കി തിരികെ നാട്ടിലേക്കുപോരുകയുണ്ടായി. ഇപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ തന്റെ പിതാവിന്റെ നഷ്ടപ്പെട്ട സ്വപ്‌നം പൂര്‍ത്തീകരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് എന്നുള്ളത് ചരിത്രബോധമുള്ളവര്‍ക്ക് ചിന്തിക്കാന്‍ ഇടംനല്‍കുന്ന ഒന്നാണ്. ആദ്യകാല കുടിയേറ്റക്കാരുടെ പേടിസ്വപ്‌നമായിരുന്നു. കാട്ടുപോത്തുകളും, കാട്ടാനകളും കടുവാ, കരടി മുതലായ വന്യമൃഗങ്ങളും. ആദ്യകാല കുടിയേറ്റക്കാരില്‍ പലരും ഇവയുടെ ആക്രമണം ഭയന്ന് നാട്ടിലേക്കുതന്നെ തിരിച്ചുപോന്നു.

ബൈസണ്‍ വാലി എന്ന പേരിന്റെ പിന്നിലുള്ളത് കാട്ടുപോത്താണ് എന്നോര്‍ക്കണം (BISON എന്ന ഇംഗ്ലീഷ് പേരില്‍ നിന്നുമാണ് ബൈസണ്‍ വാലിയുടെ ഉത്ഭവം). ബൈസണ്‍വാലി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത് ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലാണ്. മൂന്നാര്‍ ടൂറിസ്റ്റ് സെന്ററിന് അടുത്താണ് ബൈസണ്‍ വാലി സ്ഥിതി ചെയ്യുന്നത്. ആനച്ചാല്‍, കുഞ്ചിത്തണ്ണി, രാജാക്കാട് എന്നീ പ്രകൃതിരമണീയമായ സ്ഥലങ്ങള്‍ ബൈസണ്‍ വാലി ഗ്രാമപഞ്ചായത്തിന്റെ സമീപപ്രദേശങ്ങളാണ്.

കുവൈറ്റില്‍ ദീര്‍ഘകാലം സേവനം നടത്തിയ ലൂക്കോസ് കൂവള്ളൂര്‍ തന്റെ പിതാവിനു നടപ്പാക്കാന്‍ കഴിയാതെപോയ മേഖലയിലേക്ക് സ്വയം ഇറങ്ങിപ്പുറപ്പെട്ടയാളാണ്. നല്ലൊരു കത്തോലിക്കാ വിശ്വാസിയുമാണ് ലൂക്കോസ്. ചുരുങ്ങിയ കാലംകൊണ്ട് സമൂഹത്തില്‍ അറിയപ്പെടുന്ന ഒരാളായി മാറാന്‍ ലൂക്കോസ് കൂവള്ളൂരിനു കഴിഞ്ഞു എന്നുള്ളത് വാസ്തവം. തന്റെ പിതാവിന്റെ അതേ ഗുണങ്ങളുള്ള മകന്‍.

‘താതന്‍ മറന്നാല്‍ തനയന്‍ തുടര്‍ന്നു

തത് വൃത്ത ഖണ്ഡം പരിപൂര്‍ണ്ണമാക്കും.’ എന്ന ആപ്തവാക്യം ഇവിടെ

അന്വര്‍ത്ഥമാക്കുന്നു.

തരിശായിക്കിടന്ന ഭൂമിയില്‍ ലൂക്കോസ് ഒരു മുഴുവന്‍ സമയ കൃഷിക്കാരനായി മാറുന്നത് 2020ല്‍ കോവിഡ് 19 എന്ന മാരകവ്യാധി പൊട്ടിപ്പുറപ്പെട്ട ശേഷമാണ്. 2020ല്‍ അദ്ദേഹം തന്റെ കുവൈറ്റ് ജീവിതത്തോടു വിടപറഞ്ഞ് ബൈസണ്‍ വാലിയിലേക്ക് ഒറ്റയ്ക്കുപുറപ്പെടുകയാണുണ്ടായത്. തുടക്കത്തില്‍ സ്വന്തക്കാര്‍പോലും അദ്ദേഹത്തെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചു എങ്കിലും ലൂക്കോസ് കൂവള്ളൂര്‍ തന്റെ ദൃഢനിശ്ചയത്തില്‍ നിന്നും പിന്മാറിയില്ല. തുടക്കത്തില്‍ കാട്ടുപന്നിശല്യം വന്‍തോതില്‍ ഉണ്ടായെങ്കിലും അദ്ദേഹം അതിനെയെല്ലാം അതിജീവിച്ച് തന്റെ ഏലത്തോട്ടവും കുരുമുളക് തോട്ടവും കാപ്പിത്തോട്ടവുമെല്ലാം സംരക്ഷിച്ച് മറ്റു കൃഷികാര്‍ക്കുകൂടി മാതൃകയായി. ഇന്ന് ചെടികളെപ്പറ്റിയും, ഏലം മുതലായ മലഞ്ചരക്കു വിഭവങ്ങളെപ്പറ്റിയും പഠിക്കാന്‍ ഇന്‍ഡ്യയുടെയും ലോകത്തിന്റെയും വിവിധഭാഗങ്ങളില്‍ നിന്നുമുള്ള അന്വേഷണദൃക്കുകള്‍ അദ്ദേഹത്തിന്റെ ഫാം സന്ദര്‍ശിക്കാറുണ്ട്. ടൂറിസ്റ്റുകള്‍ക്ക് കുറഞ്ഞ ചിലവില്‍ താമസിക്കാനുള്ള സംവിധാനവും അദ്ദേഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫാം ടൂറിസവും ഹോം സ്‌റ്റേ സംവിധാനങ്ങളും ലൂക്കോസ് കൂവള്ളൂരുമായി ബന്ധപ്പെട്ടാല്‍ കുറഞ്ഞ ചിലവില്‍ ലഭിക്കാനുള്ള ഏര്‍പ്പാടു ചെയ്യുന്നതായിരിക്കും.

ബൈസണ്‍ വാലി പഞ്ചായത്തുപ്രസിഡന്റ് ശാലുമോള്‍ സാബു, ബൈസണ്‍ വാലി കൃഷിഭവന്‍ ഓഫീസര്‍ സ്മിത എസ്. കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അവാര്‍ഡുകള്‍ നല്‍കിയത്. ദേവികുളം താലൂക്കിലെ ജോസ്ഗിരി എന്ന പ്രദേശത്തു മൂന്നാറിനുള്ള റോഡരുകിലാണ് കൂവള്ളൂര്‍ ഫാം സ്ഥിതി ചെയ്യുന്നത്. ലൂക്കോസ് കൂവള്ളൂര്‍ ജോസ് ഗിരി ഗൂഗിളില്‍ സേര്‍ച്ച് ചെയ്താല്‍ കിട്ടുന്നതാണ്. താല്‍പര്യമുള്ളവര്‍ക്ക് +91 8108138736 എന്ന ഫോണ്‍ വാട്ട്‌സ് ആപ്പ് നമ്പറില്‍ ബന്ധപ്പെടാവുന്നതുമാണ്.

Share Email
LATEST excelnclexrn
More Articles
Top