യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നടന്ന സംഘർഷത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. യൂത്ത് കോൺഗ്രസും പോലീസും ചേർന്ന് ഹോസ്റ്റലിൽ ആസൂത്രിതവും ഏകപക്ഷീയവുമായ ആക്രമണമാണ് നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. ഹോസ്റ്റൽ പരിസരത്തുനിന്ന് യൂത്ത് കോൺഗ്രസ് സമരം ആരംഭിച്ചതിൽ ദുരൂഹതയുണ്ടെന്നും ഇതിന് പോലീസ് അനുമതിയുണ്ടോ എന്ന് അടിയന്തരമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഘർഷം നോക്കിനിൽക്കുകയല്ലാതെ അക്രമികളെ തടയാൻ പോലീസ് തയ്യാറായില്ലെന്നും ഇത് ഗുരുതരമായ കൃത്യവിലോപമാണെന്നും പിണറായി കത്തിൽ ചൂണ്ടിക്കാട്ടി. പോലീസ് തേർവാഴ്ചയ്ക്കെതിരെ പ്രതിഷേധിച്ച കടകംപള്ളി സുരേന്ദ്രൻ, വി. ജോയ് എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ്സെടുത്ത പോലീസ്, യൂത്ത് കോൺഗ്രസിനോട് മൃദുസമീപനമാണ് സ്വീകരിക്കുന്നത്. പാർട്ടി ഓഫീസിൽ കയറി അറസ്റ്റ് ചെയ്യുമെന്ന എസ്.ഐയുടെ ഭീഷണി രാഷ്ട്രീയ പ്രവർത്തനത്തിന് തടസ്സമുണ്ടാക്കുന്നതാണ്.
സംഭവത്തിൽ അടിയന്തര ശ്രദ്ധയും കർശന ഇടപെടലും ഉണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പ പങ്ക് വഹിച്ച പോലീസ് ഉദ്യോഗസ്ഥർക്കും അക്രമികൾക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം കത്തിലൂടെ ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു.














