ടെൽ അവീവിലേക്ക് പറക്കുകയായിരുന്ന ഫ്ലൈ ദുബായ് വിമാനം മനഃപൂർവം തകർക്കാൻ ശ്രമിച്ച സംഭവത്തിൽ ഒമാൻ പൗരനായ സഹപൈലറ്റ് ഹമാം അൽ-ഹമ്മാമിക്കെതിരെയുള്ള അന്വേഷണം കൂടുതൽ ശക്തമാക്കി. ചോദ്യം ചെയ്യലിൽ വിമാനം തകർക്കാനാണ് താൻ ആഗ്രഹിച്ചതെന്നും മരണത്തെ ഭയമില്ലെന്നും ഹമ്മാമി അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചതായി ‘വാൾ സ്ട്രീറ്റ് ജേർണൽ’ റിപ്പോർട്ട് ചെയ്തു. തീവ്രവാദ ആശയങ്ങൾ വെച്ചുപുലർത്തിയതിനെ തുടർന്ന് മുൻപ് വിമാനം പറത്തുന്നതിൽനിന്ന് മാറ്റിനിർത്തിയിരുന്ന ഇയാൾക്ക് എങ്ങനെ വീണ്ടും കോക്പിറ്റിലേക്ക് പ്രവേശനം ലഭിച്ചുവെന്നതിനെക്കുറിച്ച് വിപുലമായ അന്വേഷണമാണ് പുരോഗമിക്കുന്നത്.
തീവ്രവാദ വെബ്‌സൈറ്റുകൾ സന്ദർശിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഒമാൻ എയർ ഇയാളെ വിമാനം പറത്തുന്നതിൽനിന്ന് മുൻപ് വിലക്കുകയും ഡീറാഡിക്കലൈസേഷൻ പ്രോഗ്രാമിന് വിധേയനാക്കി ഓഫീസ് ജോലിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. തുടർന്ന് ഒമാൻ എയർ വിട്ട ഇയാൾ യു.എ.ഇയിലെത്തി 2026 ഫെബ്രുവരിയിലാണ് ഫ്ലൈ ദുബായിൽ ജോലിയിൽ പ്രവേശിക്കുന്നത്. എന്നാൽ ഇയാളുടെ പശ്ചാത്തലത്തെക്കുറിച്ചുള്ള വിവരങ്ങൾ ഫ്ലൈ ദുബായ്ക്ക് അറിയാമായിരുന്നോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. ഇയാളുടെ സുരക്ഷാ പരിശോധനകൾക്കായി മറ്റു രാജ്യങ്ങളിൽനിന്ന് യാതൊരു അഭ്യർത്ഥനയും ലഭിച്ചിരുന്നില്ലെന്ന് ഒമാനും വ്യക്തമാക്കിയിട്ടുണ്ട്.
ഒമാനി പിതാവിനും സിറിയൻ മാതാവിനും ജനിച്ച ഹമ്മാമി തന്റെ ചെറുപ്പകാലത്ത് ബഷാർ അൽ അസദ് സർക്കാരിനെതിരെയുള്ള വിമത പോരാട്ടങ്ങൾ നടക്കുന്ന സമയത്ത് കുറച്ചുകാലം സിറിയയിലാണ് ചെലവഴിച്ചിരുന്നത്. ഈ സിറിയൻവാസത്തിനിടയിലാണോ ഇയാൾ തീവ്രവാദ ആശയങ്ങളിലേക്ക് ആകൃഷ്ടനായതെന്നാണ് അന്വേഷണ ഏജൻസികൾ പ്രധാനമായും പരിശോധിക്കുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇയാളുടെ മുൻകാല പ്രവർത്തനങ്ങളും അന്താരാഷ്ട്ര ബന്ധങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.














