സന: സൗദി അറേബ്യയ്ക്കെതിരെ മൂന്ന് പ്രധാന പ്രതിരോധ നയങ്ങൾ (സമവാക്യങ്ങൾ) പ്രഖ്യാപിച്ച് യെമനിലെ ഹൂതി സൈനിക വക്താവ് യഹ്യ സരീ. സൗദി ഏർപ്പെടുത്തിയ ഉപരോധത്തിന് മറുപടിയായി തിരിച്ചുള്ള സമുദ്ര ഉപരോധം, സൗദി സൈനിക കേന്ദ്രങ്ങൾ എവിടെയുണ്ടെങ്കിലും അവിടങ്ങളിൽ ഘടനാപരമായ ആക്രമണം നടത്തൽ, യെമന്റെ പരമാധികാര സംരക്ഷണം എന്നിവയാണ് ഈ മൂന്ന് നയങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കി.
ജൂലൈ 20-ന് സൗദി കപ്പലുകൾക്ക് വിലക്കേർപ്പെടുത്തിയതിന് ശേഷം, എട്ട് സൗദി എണ്ണക്കപ്പലുകളെ ഹൂതി സേന ലക്ഷ്യമിട്ടതായി സരീ പറഞ്ഞു. ഇതിൽ അഞ്ചെണ്ണം ചെങ്കടലിലും മൂന്നെണ്ണം ഏഡൻ ഉൾക്കടലിലും അറബിക്കടലിലുമാണ്. കൂടാതെ, 48 സൗദി എണ്ണക്കപ്പലുകളുടെ യാത്ര തടയുകയും അവയെ തിരിച്ചയക്കാൻ നിർബന്ധിതരാക്കുകയും ചെയ്തതായി അദ്ദേഹം അവകാശപ്പെട്ടു. ഇതിൽ 34 കപ്പലുകൾ അറബിക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും 14 കപ്പലുകൾ ചെങ്കടലിലുമാണ് തടഞ്ഞത്.
സൗദി അറേബ്യയിലെ യാൻബു, നജ്‌റാൻ, ജിസാൻ, അബഹ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങൾക്കും കിഴക്കൻ പ്രവിശ്യയിലെ എണ്ണ വിതരണ ശൃംഖലകൾക്കും നേരെ ഒൻപത് സൈനിക നീക്കങ്ങൾ നടത്തിയതായി സരീ പറഞ്ഞു. ഇതിനുപുറമെ അൽ-റുവൈഖ്, അൽ-അബ്ര്, അൽ-വാഡിയ, മരിബ്, അൽ-മഖ എന്നിവിടങ്ങളിലെ സൗദി സൈനിക കേന്ദ്രങ്ങൾക്ക് നേരെ 14 ആക്രമണങ്ങൾ നടത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടുതൽ സൈനിക നടപടികളിലേക്ക് കടക്കരുതെന്ന് സൗദി അറേബ്യയ്ക്ക് മുന്നറിയിപ്പ് നൽകിയ സരീ, ഏതൊരു സമഗ്രമായ ആക്രമണത്തെയും അതുപോലെതന്നെ ശക്തമായി നേരിടുമെന്നും വ്യക്തമാക്കി. യെമന് മേലുള്ള ഉപരോധം അവസാനിപ്പിക്കുക, സൈനിക നീക്കങ്ങൾ നിർത്തലാക്കുക, ജീവനക്കാരുടെ ശമ്പളം നൽകുക, വിദേശ സേനയെ പിൻവലിക്കുക, യെമന്റെ വിഭവങ്ങൾ അവിടുത്തെ ജനങ്ങൾക്ക് വിട്ടുനൽകുക എന്നിവ മാത്രമാണ് സൗദിക്ക് മുന്നിലുള്ള ഏക വഴിയെന്നും അദ്ദേഹം പറഞ്ഞു.

















