വാഷിംഗ്ടണ്‍: ആഡംബര കപ്പലില്‍ ഹാന്‍ഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന മൂന്നു പേര്‍ മരിച്ചതിനു പിന്നാലെ കൂടുതല് പേര്‍ക്ക് രോഗബാധയെന്നു റിപ്പോര്‍ട്ട്. രോഗം സ്ഥിരീകരിച്ച രണ്ടു പേരെ നെതര്‍ലന്‍ഡിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലോകാരോഗ്യ സംഘടന കപ്പലിലുണ്ടായ രോഗവ്യാപനം നിയന്ത്രിക്കാനുള്ള അടിയന്തിര നിരീക്ഷണവും ആരംഭിച്ചു. ഇപ്പോഴും 100-ലധികം യാത്രക്കാര്‍ കപ്പലില്‍ തുടരുകയാണെന്നും അവരുടെ ആരോഗ്യനില നിരന്തരം വിലയിരുത്തുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. വ്യക്തിയില്‍ നിന്ന് വ്യക്തിയിലേക്കുള്ള രോഗവ്യാപനസാധ്യത തള്ളിക്കളയാനാകില്ലെന്നാണ് മുന്നറിയിപ്പ്.
നിലവില്‍ യുഎസിലേക്ക് മടങ്ങിയ ചില യാത്രക്കാരെ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പുകള്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കപ്പലിലുള്ള 17 അമേരിക്കന്‍ പൗരന്മാരെ നാട്ടിലെത്തിക്കാന്‍ അടിയന്തര പദ്ധതി തയ്യാറാക്കണമെന്ന ആവശ്യവും ഉയര്‍ന്നു. ഒറിഗണിലെ ബെന്‍ഡ് സ്വദേശിനിയായ അമേരിക്കന്‍ യാത്രക്കാരിയുടെ കുറിപ്പ് പ്രകാരം കപ്പലില്‍ യാത്രക്കാരും ജീവനക്കാരും ഗുരുതരമായ പ്രതിസന്ധി നേരിടുകയാണെന്നു ചൂണ്ടിക്കാട്ടി.
ഇതിനിടെ, വെര്‍ജീനിയ ആരോഗ്യവകുപ്പ് കപ്പലിലുണ്ടായിരുന്ന ഒരു യാത്രക്കാരന്‍ അമേരിക്കയില്‍ തിരിച്ചെത്തിയതായി സ്ഥിരീകരിച്ചു. ആരോഗ്യനില തൃപ്തികരമാണെങ്കിലും നിരീക്ഷണം തുടരുകയാണെന്ന് വകുപ്പ് അറിയിച്ചു. അരിസോണ, കാലിഫോര്‍ണിയ, ജോര്‍ജിയ, ടെക്‌സാസ്, വെര്‍ജീനിയ എന്നിവിടങ്ങളിലായി കുറഞ്ഞത് ഏഴ് പേര്‍ ഇപ്പോള്‍ ഹാന്റാവൈറസ് ലക്ഷണങ്ങള്‍ക്കായി നിരീക്ഷണത്തിലാണെന്നും അധികൃതര്‍ വ്യക്തമാക്കി.
Coronavirus outbreak: Two more passengers hospitalized on luxury cruise ship; strong demand to prepare plan to repatriate 17 American citizens















